മണമല്ല, പണമാണ് ചന്ദനം

‘ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല’ എന്നിനി പറയാൻ വരട്ടെ. അങ്ങനെയൊന്നുണ്ട്, ചന്ദനം. ശരിക്കും പണം തരുന്ന മരം. ചന്ദനത്തിന് മൂല്യമേറെയുണ്ടെന്നു നമുക്കറിയാഞ്ഞിട്ടല്ല. ഒരു മരം നടുന്നതിനപ്പുറം അതൊരു കൃഷിയാക്കുന്നതിനെക്കുറിച്ച് നമ്മൾ ആലോചിച്ചിട്ടില്ലെന്നുമാത്രം. ഇനിയത് ധൈര്യമായി ആലോചിക്കാം. വനം വകുപ്പിന്റെ സഹായത്തോടുകൂടി തന്നെ ചന്ദനം നട്ടുപിടിപ്പിച്ച് വരുമാനം നേടുകയുമാവാം.

ആദായം തിരിച്ചുകിട്ടാൻ 15 വർഷമെങ്കിലും കാത്തിരിക്കണമെന്നുമാത്രം. എന്നാലും നഷ്ടമാവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ, സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർധിപ്പിക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി വിഭാഗം ആവിഷ്കരിച്ച ‘ട്രീ ബാങ്കിങ്’ പദ്ധതി പ്രകാരമാണ് ചന്ദനം ഉൾപ്പെടെയുള്ള മരങ്ങൾ നട്ടുപിടിപ്പിച്ച് ആദായം നേടുന്നതിന് അവസരമൊരുങ്ങുന്നത്.

ആദ്യഘട്ടമായി ഈ വർഷം ചന്ദന ത്തൈകളാണ് വിതരണം ചെയ്യുന്നത്. തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിൾ, കരിമരുത്, തമ്പകം, വെൺതേക്ക്, വീട്ടി എന്നിവ തുടർന്നുള്ള വർഷങ്ങളിൽ നൽകും. കർഷകർക്ക് അധിക വരുമാനം ഉറപ്പുവരുത്തുക, സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കുക, മരത്തടിയിൽ സ്വയം പര്യാപ്തത ഉറപ്പാക്കു ക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

സ്വന്തമായി ഭൂമിയുള്ളവർക്കോ പാട്ടവ്യവസ്ഥയിൽ ചുരുങ്ങിയത് 15 വർഷത്തേങ്കിലും ഭൂമി കൈവശമുള്ളവർക്കോ പദ്ധതിയുടെ ഭാഗമാകാം. മരത്തൈകൾ നട്ടുപിടിപ്പിച്ച് മൂന്നാം വർഷം മുതൽ 15 വർഷംവരെ തൈകളുടെ എണ്ണത്തിനനുസരിച്ച് ധനസഹായം അനുവദിക്കും. 10 മുതൽ 100വരെ തൈകൾക്ക് തൈ ഒന്നിന് 30 രൂപ തോതിലും 101 മുതൽ 250വരെ തൈകൾക്ക് 25 രൂപയും 251 മുതൽ 500 വരെ 20 രൂപയും 501 മുതൽ 750 വരെ 15 രൂപയും 751 മുതൽ 1000 വരെ 10 രൂപയുമാണ് ഇൻസന്റീവ്. 15 വർഷത്തിനുശേഷം സ്ഥലമുടമക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫിസിന്റെ അനുമതിയോടെ മരം മുറിച്ചുവിൽക്കാം. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് അതത് ജില്ലകളിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടാം.  

ഒരേക്കറിൽ 450 മരം; 15 വർഷം കഴിഞ്ഞാൽ 1.35 കോടി

ഒരേക്കറിൽ ഏതാണ്ട് 450ഓളം ചന്ദന മരം നടാമെന്നാണ് കണക്ക്. മരമൊന്നിന് 20 രൂപ തോതിൽ മൂന്നാം വർഷം മുതൽ 15 വർഷം വരെ പ്രതിവർഷം 9000 രൂപ ഇൻസെന്റീവ് ആയി ലഭിക്കും. 15 വർഷം കഴിയുമ്പോൾ ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഏകദേശം 30,000 രൂപ മരമൊന്നിന് ലഭിക്കും (കാതൽ അനുസരിച്ചും അക്കാലത്തെ മാർക്കറ്റിനനുസരിച്ചും വിലയിൽ വർധനവുണ്ടാകാം). ഇതനുസരിച്ച് ഒരേക്കറിൽ നിന്ന് ലഭിക്കാവുന്ന ഏകദേശ തുക 1.35 കോടി രൂപയാണ്.

ഇതേ ഭൂമിയിൽ ഇടവിളയായി മറ്റെന്തെങ്കിലും കൃഷി ചെയ്താൽ അതിന്റെ ആദായവും അധിക വരുമാനമായി നേടാം. ആദ്യവർഷം മരം പിടിച്ചുകിട്ടുന്നതുവരെ ശ്രദ്ധിച്ചാൽ മതി എന്നതൊഴിച്ചാൽ തുടർ വർഷങ്ങളിൽ പ്രത്യേക പരിചരണമൊന്നും വേണ്ട എന്നതാണ് മറ്റൊരാകർഷണം. 

Tags:    
News Summary - Sandalwood is not a scent, it is money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.