ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടുമൊരു റിസൽട്ട് സീസൺ. കഴിഞ്ഞ ദിവസം മുതൽ കമ്പനികൾ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടുതുടങ്ങി. കമ്പനികളുടെ പ്രവർത്തന മികവും ലാഭക്ഷമതയും സാമ്പത്തിക നിലയുമെല്ലാം മനസ്സിലാക്കാൻ പാദഫലങ്ങൾ ശ്രദ്ധിക്കണം. പാദഫലം ഓഹരി വിലയിലും പ്രതിഫലിക്കും. മോശം പ്രകടനം നടത്തുന്ന കമ്പനികളെ നിക്ഷേപകർ കൈയൊഴിയും. സ്വാഭാവികമായും ഓഹരി വില ഇടിയും.
നല്ല പ്രകടനം നടത്തുന്ന കമ്പനികളിൽ നിക്ഷേപ താൽപര്യം വർധിക്കുകയും ചെയ്യും. ഓഹരി നിക്ഷേപകർ പഠനത്തിനായി കൂടുതൽ സമയം ചെലവഴിക്കേണ്ട കാലമാണിത്. വിൽപന, ലാഭം, ലാഭത്തിന്റെ തോത്, പണമൊഴുക്ക് എന്നിവയിൽ പുരോഗതിയുണ്ടോ എന്നാണ് അടിസ്ഥാനമായി ശ്രദ്ധിക്കേണ്ടത്. കടം, കരുതൽ ധനം, പ്രമോട്ടർമാർ ഓഹരി പണയപ്പെടുത്തിയിട്ടുണ്ടോ എന്നിവയും നോക്കണം.
പാദഫലം പോലെ തന്നെ പ്രധാനമാണ് ഇതോടനുബന്ധിച്ചുള്ള മാനേജ്മെന്റ് പ്രതികരണവും. കമ്പനിയുടെ ഭാവി പദ്ധതികൾ, പ്രതീക്ഷ, വെല്ലുവിളികൾ തുടങ്ങിയവ സംബന്ധിച്ച് മാനേജ്മെന്റ് വിശദീകരിക്കാറുണ്ട്. ഏതൊക്കെ മേഖലകളാണ് നല്ല പ്രകടനം നടത്തുന്നതെന്നും ഏതൊക്കെയാണ് വെല്ലുവിളി നേരിടുന്നതെന്നും പാദഫലം പൊതുവായി നിരീക്ഷിച്ചാൽ അറിയാം. പ്രതീക്ഷയുള്ള മേഖലകളെ കുറിച്ച് സൂചന ലഭിച്ചാൽ അതനുസരിച്ച് നിക്ഷേപം ആസൂത്രണം ചെയ്യാം. കഴിഞ്ഞ ദിവസം പുറത്തുവന്ന ടി.സി.എസിന്റെ ഫലം പ്രതീക്ഷക്കൊത്തുയർന്നില്ല. ഇത് ഐ.ടി ഓഹരികളെ കുറിച്ചുള്ള പ്രതീക്ഷക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.
ഇന്ത്യ -അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിലാണെന്ന് റിപ്പോർട്ടുണ്ട്. അമേരിക്ക വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവ ഇന്ത്യയെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നതാണ്. ഉദാഹരണമായി ബംഗ്ലാദേശിനുമേൽ യു.എസ് അധിക തീരുവ ചുമത്തുന്നത് ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലക്ക് ഉണർവേകും. യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ രാജിക്കൊരുങ്ങുന്നതായും വാർത്തയുണ്ട്.
പലിശനിരക്ക് കുറക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും പവലും തമ്മിൽ പ്രശ്നത്തിലാണ്. പവൽ രാജിവെച്ചാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചേക്കും. ഇത് വിപണിയിൽ പണലഭ്യത വർധിപ്പിക്കുകയും ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.