കേന്ദ്ര പൊതുമേഖലയിൽപെടുന്ന ബാങ്ക് ഓഫ് ബറോഡ വിവിധ സംസ്ഥാനങ്ങളിലെ ശാഖ/ ഓഫിസുകളിലേക്ക് ലോക്കൽ ബാങ്ക് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ വൺ വിഭാഗത്തിൽപെടുന്ന തസ്തികയിൽ സ്ഥിരം നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ആകെ 2500 ഒഴിവുകളുണ്ട്. കേരളത്തിൽ 50 പേർക്കാണ് അവസരം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. ഓരോ സംസ്ഥാനത്തിലും ലഭ്യമായ ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് പ്രക്രിയ ഉൾപ്പെടെ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankof baroda.in/careerൽ ലഭ്യമാണ്. (പരസ്യ നമ്പർ BOB/HRM/REC/ADVT/2025/05) ഒരു ഉദ്യോഗാർഥി ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എൻജിനീയറിങ്, മെഡിക്കൽ പ്രഫഷനൽ യോഗ്യത നേടിയവരെയും ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രിക്കാരെയും പരിഗണിക്കും. യോഗ്യത നേടിക്കഴിഞ്ഞ് ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്ക് അല്ലെങ്കിൽ റീജനൽ റൂറൽ ബാങ്കിൽ ഓഫിസർ പദവിയിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം വേണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി: 1.7.2025ൽ 21-30 വയസ്സ്. അപേക്ഷ ഫീസ് 850 രൂപ.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, സൈക്കോ മെട്രിക് ടെസ്റ്റ്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം പരീക്ഷ കേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ 48,480-85,920 രൂപ ശമ്പളനിരക്കിൽ നിയമിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.