സ്വാധീനശേഷിയും ധനശേഷിയുംകൊണ്ട് ഏറ്റവും ശക്തിയേറിയ കോർപറേറ്റുകളിലൊന്നായ മെറ്റയിലെ തൊഴിൽ അന്തരീക്ഷം ഭീതി നിറഞ്ഞതാണെന്ന വിമർശനവുമായി മുൻ ജീവനക്കാരൻ. മെറ്റയുടെ എ.ഐ വിഭാഗത്തിനെതിരെയാണ്, ഇതിൽ ഗവേഷകനായിരുന്ന ടിജ്മെൻ ബ്ലാങ്ക് വോർട് രംഗത്തുവന്നിരിക്കുന്നത്. സ്ഥാപനത്തിലെ ഇത്തരം ജോലി സാഹചര്യത്തെ ‘മെറ്റാസ്റ്റാറ്റിക് കാൻസർ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്ഥാപനത്തിൽ നിന്നുള്ള വിടവാങ്ങൽ കുറിപ്പിലാണ് മെറ്റയുടെ നേതൃനിരയോടുള്ള വിമർശനം.
‘‘നമ്മൾ ഭയത്തിന്റെ സംസ്കാരത്തിലാണ്. നിരവധി ജീവനക്കാർ നിരാശരാണ്. നിരന്തര ജോലി മികവ് അവലോകനങ്ങളും ആവർത്തിച്ചുള്ള പിരിച്ചുവിടലുകളും മനോവീര്യം നഷ്ടപ്പെടുത്തുന്നതിനും സർഗാത്മകതയെ തളർത്തുന്നതിനും കാരണമായി’’- അദ്ദേഹം കുറിച്ചു.
മെറ്റയിൽ വമ്പൻ സംവിധാനങ്ങളുള്ള എ.ഐ വിഭാഗത്തിൽ നിലവിൽ 2000ത്തിലധികം ജീവനക്കാരുണ്ട്. എന്നാൽ, ഇവർക്കൊന്നും വ്യക്തമായ ദിശാബോധമില്ലെന്ന് ബ്ലാങ്ക് വോർട് കുറ്റപ്പെടുത്തുന്നു.
മിക്കവർക്കും ജോലി ആസ്വദിക്കാൻ കഴിയുന്നില്ല. അവരുടെ ദൗത്യം എന്താണെന്ന് പോലും അറിയില്ല. സ്ഥാപനത്തെ മുഴുവൻ കാർന്നുതിന്നാൻ പാകത്തിലുള്ള അർബുദമായാണ് ഈ അവസ്ഥയെ അദ്ദേഹം താരതമ്യപ്പെടുത്തിയത്. ഓപൺ എ.ഐ, ഗൂഗ്ൾ ഡീപ് മൈൻഡ് എന്നിവയുമായി മത്സരിക്കുന്നതിനിടെയാണ് സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ മെറ്റക്കെതിരെ വിമർശനം ഉയരുന്നത്.
ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് നിർമിക്കുന്നതിനായി കമ്പനി അടുത്തിടെ സൂപ്പർ ഇന്റലിജൻസ് ലാബ്സ് ആരംഭിച്ചിരുന്നു. ഇതിലേക്ക് വൻ ഓഫറുകൾ നൽകി മികച്ച എ.ഐ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ആപ്പിളിന്റെ ഫൗണ്ടേഷൻ മോഡൽസ് ടീമിനെ മുമ്പ് നയിച്ചിരുന്ന റൂമിങ് പാങും ടീമിന്റെ ഭാഗമാകുമെന്ന് ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.