കേന്ദ്ര സർവിസിൽ മൾട്ടി-ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്), ഹവിൽദാർ തസ്തികകളിൽ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ ഓൺലൈനിൽ ജൂലൈ 24 വരെ അപേക്ഷ സ്വീകരിക്കും. ഗ്രൂപ് ‘സി’ വിഭാഗത്തിൽപെടുന്ന തസ്തികകളാണിത്. ഹവിൽദാർ തസ്തികയിൽ 1075 ഒഴിവുകളുണ്ട്. റവന്യൂ വകുപ്പിന് കീഴിലുള്ള കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (സി.ബി.എൻ) ഓഫിസുകളിലാണ് നിയമനം. എം.ടി.എസ് തസ്തികയിലെ ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ലഭ്യമാകുന്ന മുറക്ക് പിന്നീട് അറിയിക്കും.
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്രസർക്കാർ ഓഫിസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ട്രൈബ്യൂണലുകൾ മുതലായ ഓഫിസുകളിലേക്കാണ് എം.ടി.എസ് നിയമനം. കേരളത്തിലും ഒഴിവുകൾ ലഭ്യമാണ്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https;//ssc.gov.inൽ ലഭിക്കും.
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി പരീക്ഷ 2025 ആഗസ്റ്റ് ഒന്നിനകം പാസായിരിക്കണം. പ്രായപരിധി 18-25 വയസ്സ്/ഹവിൽദാർ തസ്തികക്ക് 18-27വയസ്സ്. പട്ടികവിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് -10 വർഷം, വിമുക്ത ഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്ത വനിതകൾക്കും 35 വയസ്സു വരെയാകാം. ഹവിൽദാർ തസ്തികക്ക് നിഷ്കർഷിച്ച ശാരീരിക യോഗ്യതകളുണ്ടാകണം. അപേക്ഷാ ഫീസ് -100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. ജൂലൈ 25 വരെ ഫീസ് അടക്കാം.
സെലക്ഷൻ: 2025 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെയാണ് തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. മലയാളമടക്കം 13 ഭാഷകളിൽ പരീക്ഷ നടത്തും. ന്യൂമെറിക്കൽ ആൻഡ് മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി ആൻഡ് പ്രോബ്ലം സോൾവിങ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിലായി 90 ചോദ്യങ്ങൾ, പരമാവധി 270 മാർക്കിനാണ് പരീക്ഷ. 90 മിനിറ്റ് സമയം അനുവദിക്കും. പരീക്ഷാ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. ഹവിൽദാർ തസ്തികക്ക് കായികക്ഷമതാ പരീക്ഷയും ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.