മുക്കം: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം പുതിയ കുടയും ബാഗും ചെരിപ്പും യൂനിഫോമുമായി സ്കൂളിലേക്ക് പോകുന്നതാണ് മലയാളിയുടെ ശീലം. എന്നാൽ, പുനരുപയോഗിക്കാവുന്ന വസ്തുക്കളുമായി ജൂൺ രണ്ടിന് സ്കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് എ പ്ലസ് സാക്ഷ്യപത്രമാണ്.
വിദ്യാർഥികൾക്കിടയിൽ 'റീയൂസ് ഹീറോസ്, ദ റിയൽ ഹീറോസ്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ജില്ല ശുചിത്വ മിഷൻ. പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭൂമിയുടെ ആയുസ്സ് കുറക്കുമെന്നും സുന്ദരമായ നാട് മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറയാനിടയാക്കും തുടങ്ങിയ തത്വങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഈ നടപടി.
പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വർധിപ്പിക്കും, മാലിന്യം കുറക്കും, ഈ നല്ല ശീലം കുടയിലും ബാഗിലും വസ്ത്രങ്ങളിലും പേനയിലും തുടങ്ങണം. സമൂഹത്തിന് മാതൃകയാവുന്ന ഇത്തരം കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും മറ്റുള്ളവരെയും ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
പഴയ കുട, ചെരിപ്പ്, വാട്ടർ ബോട്ടിൽ, ചോറ്റുപാത്രം എന്നിവയുമായി പുതിയ അധ്യയന വർഷം വിദ്യാലയങ്ങളിൾ എത്തുന്നവർക്ക് 'എ പ്ലസ് സാക്ഷ്യപത്രം'നൽകും.
അല്ലാത്തവർക്ക് പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് സാക്ഷ്യപത്രങ്ങൾ ലഭ്യമാക്കുന്നത്. പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾ ഇതിന്റെ ആകർഷകമായ ഫോട്ടോ സഹിതം ശുചിത്വ മിഷൻ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 'എ പോസിറ്റീവ്' സാക്ഷ്യപത്രം ലഭിക്കും.
അല്ലാത്തവർ വരും കാലങ്ങളിൽ ഞാനും ഈ ആശയത്തിൽ ഭാഗമാകും എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും കൂടുതൽ കുട്ടികളെ കാമ്പയിനിന്റെ ഭാഗമാക്കുന്ന അഞ്ച് സ്കൂളുകൾക്കും അഞ്ച് ക്ലാസ് ടീച്ചർമാർക്കും ജില്ലതലത്തിൽ പ്രത്യേക പുരസ്കാരവും നൽകും.
പുനരുപയോഗം സംബന്ധിച്ച് ചെയ്ത കാര്യങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വിദ്യാർഥികൾ ഒരു മിനിറ്റിൽ കൂടാത്ത വിഡിയോ തയാറാക്കി 89214 46238 വാട്സ്ആപ് നമ്പറിലേക്ക് അയക്കാം. തിരഞ്ഞെടുക്കുന്ന അഞ്ചു കുട്ടികൾക്ക് പുരസ്കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.