ഹൈദരാലിയും ടിപ്പുവും മാത്രമല്ല, റസിയ സുൽത്താനും നൂർ ജഹാനും ചരിത്രത്തിന് പുറത്ത്; പാഠപുസ്തകത്തിൽ വീണ്ടും വെട്ട്!

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പരിഷ്കരിച്ച് പുറത്തിറക്കിയ ചരിത്ര പാഠപുസ്തകത്തിൽനിന്ന് ഡൽഹി ഭരിച്ചിരുന്ന റസിയ സുൽത്താനെയും മുഗൾ കാലഘട്ടത്തിലെ നൂർ ജഹാനെയും ഒഴിവാക്കി. ഈ അധ്യയന വർഷം പുറത്തിറക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നാണ് പാഠഭാ​ഗം ഒഴിവാക്കിയത്. ഡൽഹി സുൽത്താനേറ്റിനെയും മുഗൾ രാജാക്കന്മാരെയും കുറിച്ച് ഏഴാം ക്ലാസിലാണ് വിദ്യാർഥികൾ പഠിച്ചിരുന്നത്. എന്നാൽ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പഴയ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ 'അവർ പാസ്റ്റ്സ് - II' എന്ന പുസ്തകത്തിൽ ഡൽഹി സുൽത്താനേറ്റിനെക്കുറിച്ചും മുഗൾ രാജാക്കന്മാരെക്കുറിച്ചും രണ്ട് അധ്യായങ്ങൾ പഠിപ്പിച്ചിരുന്നു. സുൽത്താൻ ഇൽതുമിഷിന്റെ മകൾ റസിയ സുൽത്താനെക്കുറിച്ചും പാഠഭാ​ഗത്തിലുണ്ടായിരുന്നു. ഡൽഹി ഭരണാധികാരിയായ ആദ്യ വനിത കൂടിയാണ് റസിയ സുൽത്താൻ. പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ സമാന പാഠഭാ​ഗത്തിലെ അധ്യായത്തിലാണ് റസിയയെ കുറിച്ചുള്ള പരാമർശം ഒഴിവാക്കിയത്. ‌

ഡൽഹി സുൽത്താനേറ്റിനെ കുറിച്ചുള്ള പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിൽ അക്കാലത്തെ ഒരു വനിതാ ഭരണാധികാരിയെ കുറിച്ചും പരാമർശിക്കുന്നില്ല. ജഹാംഗീറിന്റെ ഭാര്യ നൂർ ജഹാനെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കി. പഴയ പാഠപുസ്തകത്തിൽ നൂർ ജഹാനെ പരാമർശിച്ചിരുന്നു.

എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിൽ നിന്ന് ഹൈദരാലി, ടിപ്പു സുൽത്താൻ മൈസൂർ യുദ്ധം എന്നിവ നീക്കിയതിലും വിമർശനമുയർന്നിരുന്നു. 1400 ന്റെ ഒടുവിൽ വാസ്കോ ഡ ഗാമ വന്നതു മുതൽ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ​വരെയുള്ള കൊളോണിയൽ കാലത്തി​ന്റെ ചരിത്രത്തിൽ ടിപ്പു സുൽത്താനെക്കുറിച്ചോ ഹൈദരാലിയെക്കുറിച്ചോ മൈസൂർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഐതിഹാസിക യുദ്ധത്തെക്കുറി​ച്ചോ പരാമർശമില്ല. കച്ചവടക്കാരായി എത്തി ഭരണം നിർവഹിച്ച ബ്രിട്ടീഷുകാരെക്കുറിച്ചും 1757ലെ പ്ലാസി യുദ്ധ​ത്തെകുറിച്ചും ഇന്ത്യയുടെ സമ്പത്ത് തകർക്കപ്പെട്ടതിനെക്കുറിച്ചുമൊക്കെ പരാമർശമുണ്ട്.

1700 ൽ സന്യാസി-ഫക്കീർ കലാപം, 1800 കളിലെ സാന്താൾ കലാപം, കർഷക കലാപങ്ങൾ ഇവയൊക്കെയാണ് ബ്രിട്ടീഷുകാർക്കെതിരായി നടന്ന ചെറുത്തുനിൽപ്പുകളെന്നും വിവരിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് അവർ മൈസൂർ ഭരണാധികാരികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നു എന്ന പരാമർശം മാത്രമാണുള്ളത്. അതേസമയം ബ്രിട്ടീഷുകാർക്കെതിരായ മാറാത്താ യുദ്ധം സവിസ്തരം എഴുതപ്പെട്ടിട്ടുണ്ട്.

നിർഭാഗ്യവശാൽ എല്ലാ സംഭവങ്ങളും പരാമർശിക്കാനുള്ള സാഹചര്യമില്ല എന്നുമാത്രമാണ് എൻ.സി.ഇ.ആർ.ടിയുടെ ഗ്രൂപ്പ് ചെയർമാൻ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോട് പ്രതികരിച്ചത്. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ചുരുക്കം മാത്രമേ നൽകുന്നുള്ളൂ എന്നും തുടർന്നുള്ള പാഠങ്ങളിൽ വിവരണമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Raziyya Sultan, Nur Jehan dropped from new Class 8 NCERT history textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.