ലക്നോ: വിദ്യാർഥി ആത്മഹത്യകൾക്ക് ശമനമില്ലാതെ രാജ്യത്തെ ഐ.ഐ.ടികൾ. ഐ.ഐ.ടി ഖരഗ്പൂരിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള നാലാമത്തെ കേസാണിത്. ഈ മസം18ന് സർവകലാശാലയിലെ 21 കാരനായ ബി. ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മെക്കാനിക്കൽ എൻജിനീയറിങ് പ്രോഗ്രാമിൽ നാലാം വർഷ വിദ്യാർഥിയായ റിതം മൊണ്ടലിനെ രാജേന്ദ്ര പ്രസാദ് (ആർ.പി) ഹാൾ ഹോസ്റ്റൽ കെട്ടിടത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർഥി വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം രാജേന്ദ്ര പ്രസാദ് ഹാളിലെ തന്റെ മുറിയിലേക്ക് മടങ്ങി. പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നുമില്ലായിരുന്നുവെന്ന് സഹപാഠികളിൽ ഒരാൾ പറഞ്ഞു. പിറ്റേന്ന് രാവിലെ, റിതമിന്റെ വാതിലിൽ ആവർത്തിച്ച് മുട്ടിയിട്ടും മറുപടിയുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് കാമ്പസ് സെക്യൂരിറ്റിയും ഔട്ട്‌പോസ്റ്റിലെ പൊലീസും വാതിൽ തകർത്തു നോക്കിയപ്പോഴാണ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. സംഭവത്തിൽ എഫ്.ഐആർ ഫയൽ ചെയ്തതായും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും സ്ഥാപനം അറിയിച്ചു.
‘മാനസികാരോഗ്യ പ്രശ്‌നത്തിന്റെ സൂചനയില്ല’
നാലാം വർഷ വിദ്യാർഥി വേനൽക്കാല അവധി കഴിഞ്ഞ് അടുത്തിടെ കാമ്പസിലേക്ക് മടങ്ങിയെത്തിയതായിരുന്നു. പെരുമാറ്റത്തിൽ അസാധാരണത്വങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മാനസികാരോഗ്യ പ്രശ്‌നത്തിന്റെ സൂചന ഒന്നും തന്നെയില്ലെന്നും സർവകലാശാല അറിയിച്ചു. അക്കാദമിക്, അക്കാദമികേതര പ്രശ്‌നങ്ങളൊന്നും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വകുപ്പിലെ ഫാക്കൽറ്റി ഉപദേഷ്ടാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഐ.ഐ.ടി ഖരഗ്പൂർ അറിയിച്ചു.
ഐ.ഐ.ടി ഖരഗ്പൂരിലെ മുൻ ആത്മഹത്യകൾ
ഐ.ഐ.ടി ഖരഗ്പൂരിൽ ഒരു വർഷത്തിനിടെ നടക്കുന്ന നാലാമത്തെ ദാരുണമായ സംഭവമാണ് റീതം മൊണ്ടലിന്റെ മരണം. 2025 മെയ് മാസത്തിൽ മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് ആസിഫ് ഖമർ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പൊലീസ് അന്വേഷണത്തിന് തുടക്കമിട്ടു. സംഭവത്തിന് നിമിഷങ്ങൾക്ക് മുമ്പ്ന്‍വിദ്യാർഥി വിഡിയോ കോളിൽ ആയിരുന്നതായും മറുവശത്തുള്ള വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി അധികൃതർ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഏപ്രിലിൽ ആസിഫ് ഖമറിന്റെ മരണത്തിന് മുമ്പ് സമാനമായ ഒരു കേസ് ഉണ്ടായി. നാലാം വർഷ ഓഷ്യൻ എൻജിനീയറിങ് നേവൽ ആർക്കിടെക്ചർ വിദ്യാർഥിയായ അനികേത് വാൾക്കറിനെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനുവരിയിൽ, മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ഷവോൺ മാലിക്കിന്റെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തി.
കഴിഞ്ഞ വർഷം ജൂണിൽ ബയോടെക്നോളജി, ബയോ കെമിക്കൽ എൻജിനീയറിങ് നാലാം വർഷ വിദ്യാർഥിനിയായ ദേവിക പിള്ളയും കാമ്പസിൽ ആത്മഹത്യ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.