പുൽപ്പള്ളി-സുൽത്താൻ ബത്തേരി റോഡിലൂടെ സഞ്ചരിക്കുമ്പോൾ വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ഒരു ഗ്രാമത്തിലെത്തും, ചെതലയം. ഇടതൂർന്ന പച്ചപ്പിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം. ഇന്ന് ഈ ഗ്രാമമൊരു മികവിന്റെ കേന്ദ്രം കൂടിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നൂറുകണക്കിന് വിദ്യാർഥികൾ ചുവടുവെക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (ഐ.ടി.എസ്.ആർ). വയനാട്ടിൽനിന്ന് മാത്രമല്ല, കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടെത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠന കേന്ദ്രം. ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളും പൈതൃക കേന്ദ്രവും സംസ്കാരം-തനിമ എന്നിവക്കായി പഠന അവസരവും ഒരുക്കുന്ന ഐ.ടി.എസ്.ആർ.
തൊഴിൽ രഹിതർ, ദരിദ്രർ, അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നവർ... ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം പൊതുസാമൂഹിക വികസന സൂചികകളിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും പട്ടികവർഗ ജനവിഭാഗത്തെക്കുറിച്ച് പറയാൻ ഇപ്പോഴും ഈ വാക്കുകൾ മാത്രമേയുണ്ടാകൂ. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ഭൂമി ഇന്നും അന്യമായവർ. പ്രാഥമിക വിദ്യാഭ്യാസംപോലും പൂർത്തിയാക്കാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന കുട്ടികൾ. സാക്ഷരതയിൽ ഏറെ മുന്നിൽനിൽക്കുന്ന കേരളത്തിലും സ്കൂളുകളിൽനിന്ന് പട്ടികവിഭാഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന്റെ കണക്കുകൾ ഇന്നും പെരുകികൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും ഇവിടെ, പട്ടികവർഗ വിദ്യാർഥികളുടെ ഉന്നത പഠന-പാഠ്യേതര വിഷയങ്ങളിൽ ചരിത്രം രചിക്കുന്ന ഐ.ടി.എസ്.ആറിന് പറയാൻ ഏറെയുണ്ട് കഥകൾ. 2015ലാണ് ഐ.ടി.എസ്.ആർ ആരംഭിക്കുന്നത്. പത്തുവർഷം പൂർത്തിയാക്കുമ്പോൾ ഐ.ടി.എസ്.ആറിന്റെ കരുത്ത് അവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളാണ്. വർഷം തോറും ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന 100ലധികം വിദ്യാർഥികൾ. അക്കാദമിക് മികവ് മാത്രമല്ല ആ പട്ടികയിൽ, ഒരു നാടിനെ, സമൂഹത്തെ, കുറെയധികം മനുഷ്യരെ ചേർത്തുപിടിച്ച കഥകൾ. എല്ലാവരും ഒന്നാണെന്ന് പറഞ്ഞുപഠിപ്പിച്ച പാഠങ്ങൾ.
റസിഡൻഷ്യൽ സ്കൂളുകളിൽ പഠിച്ച് ഉന്നതവിജയം നേടിയെത്തുന്ന വിദ്യാർഥികളാണ് ഐ.ടി.എസ്.ആറിന്റെ മുതൽക്കൂട്ട്. വിദ്യാഭ്യാസ ചെലവ് താങ്ങാൻ കഴിയാത്ത കുട്ടികളാണ് ഇവരെല്ലാംതന്നെ. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, തൃശൂർ, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽനിന്നുള്ള കുട്ടികളാണ് ഏറെയും. തെക്കൻ കേരളത്തിൽനിന്ന് വിദ്യാർഥികൾ കുറവാണ്. ഭാവിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും കേരളത്തിന് പുറത്തുനിന്നും വിദ്യാർഥികൾ ഐ.ടി.എസ്.ആറിൽ പഠിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് അധ്യാപകർ പറയുന്നു. റെസിഡൻഷ്യൽ പ്രോഗ്രാമാണ് ഐ.ടി.എസ്.ആർ പിന്തുടരുന്നത്. ഹോസ്റ്റൽ ഫീസോ മറ്റു ചിലവുകളോ വിദ്യാർഥികൾക്ക് വഹിക്കേണ്ടതില്ല. വിദ്യാഭ്യാസ സ്കോളർഷിപ്പായ ഇ ഗ്രാൻറ്സ് ലഭിക്കുകയും ചെയ്യും.
മലബാർ മേഖലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സ്ഥാപിച്ചതാണ് കാലിക്കറ്റ് സർവകലാശാല. ഈ ലക്ഷ്യത്തെ മുൻനിർത്തി പട്ടികവർഗ വിദ്യാർഥികളെ ശാക്തീകരിക്കുക എന്ന വിശാല ലക്ഷ്യത്തിലാണ് ഐ.ടി.എസ്.ആർ ആരംഭിക്കുന്നത്. അതിനായി പട്ടിക വിഭാഗ സമൂഹം ഏറ്റവും കൂടുതലുള്ള, സർവകലാശാലയുടെ തന്നെ പരിധിയിൽവരുന്ന വയനാട് ജില്ലയിൽ ഐ.ടി.എസ്.ആർ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയായിരുന്നൂ. പൂർണമായും സൗജന്യമായും റസിഡൻഷ്യൽ മാതൃകയിൽ വിദ്യാഭ്യാസം ലഭ്യമാക്കിയാണ് ഐ.ടി.എസ്.ആറിന്റെ പ്രവർത്തനം. ഇതുവഴി പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, സമൂഹത്തെ ശാക്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ട്രൈബൽ വിദ്യാർഥികളുടെ പ്രാതിനിധ്യം വളരെ കുറവാണ്. കൂടാതെ സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും. ഭാരിച്ച സാമ്പത്തിക ചെലവാണ് അതിന്റെ പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങളെ നേരിടുക, അഭിസംബോധന ചെയ്യുക കൂടിയാണ് ഐ.ടി.എസ്.ആറിലൂടെ സർവകലാശാല. ഒരു കോളജ് എന്ന നിലയിലല്ലാതെ സർവകലാശാലയുടെ തന്നെ നേരിട്ടുള്ള ഒരു ഡിപ്പാർട്ട്മെന്റായാണ് ഐ.ടി.എസ്.ആറിനെ പരിഗണിക്കുന്നത്. ഭാവിയിൽ മികച്ച ഗവേഷണ കേന്ദ്രം കൂടിയായി ഉയർത്താനുള്ള നടപടികൾക്കും തുടക്കമിട്ടുകഴിഞ്ഞു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽതന്നെ അത് പ്രാവർത്തികമാക്കാൻ കഴിയുമെന്നും അധ്യാപകർ പറയുന്നു. പട്ടികവർഗ വിഭാഗത്തിന് മാത്രമായി പഠന-ഗവേഷണ അവസരം ഒരുക്കുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. അതിലൊന്നും സംസ്ഥാനത്തെതന്നെ ഏക സ്ഥാപനവുമാണ് ഐ.ടി.എസ്.ആർ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്.വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് മാറിയപ്പോൾ തന്നെ ഐ.ടി.എസ്.ആറും നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ചുവടുമാറ്റി കഴിഞ്ഞു. സോഷ്യോളജി ബിരുദ ബിരുദാനന്തര കോഴ്സുകളും കൊമേഴ്സിൽ ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുമാണ് ഐ.ടി.എസ്.ആറിലുള്ളത്. സോഷ്യോളജിയിൽ കോംപ്ലിമെന്ററി പേപ്പറായി പൊളിറ്റിക്കൽ സയൻസ്, ചരിത്രം, മലയാളം, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നു.
രണ്ടുവർഷം മുമ്പാണ് കൊമേഴ്സ് ബിരുദ കോഴ്സ് ഇവിടെ ആരംഭിക്കുന്നത്. ആദ്യത്തെ ബാച്ച് പഠനം പൂർത്തിയാക്കി അടുത്തവർഷം പുറത്തിറങ്ങും. കൂടുതൽ ജോലി സാധ്യതയുള്ള, തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന കോഴ്സ് എന്ന നിലയിലാണ് കൊമേഴ്സ് ബാച്ച് ആരംഭിച്ചത്. വിദ്യാർഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തന്നെ അവതരിപ്പിച്ചിരിക്കുന്നതും. ഭാവിയെ മുന്നിൽകണ്ട് ടൂറിസം, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാൻ പ്രാപ്തമാക്കുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിനു പുറത്ത് മികച്ച സർവകലാശാലകളിൽ പഠനം പൂർത്തിയാക്കിയ അധ്യാപകരാണ് ഇവിടെ അധികവും. ആരും സ്ഥിരം അധ്യാപകരല്ല. പെൺകുട്ടികളുടെ എണ്ണമാണ് ഐ.ടി.എസ്.ആറിലും കൂടുതൽ. കാലിക്കറ്റ് സർവകലാശാലയുടെ ആദ്യ പത്തുറാങ്കുകളിൽ വർഷങ്ങളായി ഇവിടത്തെ വിദ്യാർഥികളും ഇടംപിടിക്കാറുണ്ട്. കഴിഞ്ഞവർഷം പി.ജി എം.എ സോഷ്യോളജിയിൽ സർവകലാശാല തലത്തിൽ രണ്ടാംറാങ്ക് നേടിയിരുന്നു. മുൻവർഷങ്ങളിലും റാങ്കുകൾ നേടിയിരുന്നു.
പഠനത്തിൽ മാത്രമല്ല, സ്പോർട്സ്, ആർട്സ് എന്നിവയിലും ഐ.ടി.എസ്.ആറിലെ വിദ്യാർഥികൾ ആദ്യനിരയിലുണ്ട്. സ്പോർട്സ് പ്രേമികളാണ് ഇവിടെ ഏറെയും. അക്കാദമിക് ലക്ഷ്യം മാത്രമല്ല ഐ.ടി.എസ്.ആറിനുള്ളത്. ഒരു സമൂഹത്തിന്റെ സാംസ്കാരിക തനിമയെ ഉയർത്തിക്കൊണ്ടുവരാനും അതിനെ പ്രോത്സാഹിപ്പിക്കാനും കൂടിയുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 15ൽ അധികം വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാംസ്കാരിക വൈവിധ്യം നിറഞ്ഞ വിദ്യാർഥികളാണ് ഏറെയും.
വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘നങ്കപതനാട്ട’. ‘നമ്മുടെ ആട്ടവും പാട്ടും’ എന്നതാണ് ഈ വാക്കിന്റെ അർഥം. കാട്ടുനായ്ക്ക വിഭാഗത്തിൽനിന്നും വന്ന ഒരു വാക്കാണിത്. ഇവിടത്തെ വിദ്യാർഥികളുടെയും അധ്യാപകരും ഉൾപ്പെടുന്ന ബാൻഡാണ് നങ്കപതനാട്ട. സർവകലാശാലയുടെ ഇന്റർനാഷനൽ ചെയറായ യുനെസ്കോ ഹെറിറ്റേജ് ചെയർ, എന്നൂര്, കേരളീയം തുടങ്ങിയ പരിപാടികളിൽ നങ്കപതനാട്ട പരിപാടി അവതരിപ്പിച്ചിരുന്നു. കൂടാതെ, വിദ്യാർഥികളുടെ കലാഭിരുചി മനസ്സിലാക്കി അവർക്ക് ഇഷ്ടപ്പെട്ട മേഖലകളിൽ ശോഭിക്കുന്നതിനും ഐ.ടി.എസ്.ആർ അവസരം ഒരുക്കുന്നു.
റസിഡൻഷ്യൽ സ്കൂളുകളിൽനിന്ന് പഠനം പൂർത്തിയാക്കിയെത്തുന്ന വിദ്യാർഥികൾ ആയതിനാൽ അവർക്ക് അവരുടെ സംസ്കാരത്തെക്കുറിച്ചോ കലയെക്കുറിച്ചോ കൂടുതൽ അറിവില്ല. അതുകൊണ്ടുതന്നെ അവരുടെ സമൂഹവുമായി ബന്ധപ്പെട്ട ചരിത്രവും കലവും സംസ്കാരിക വളർച്ചയുമെല്ലാം വിദ്യാർഥികൾക്ക് പകർന്നുനൽകുന്നതിനും ഐ.ടി.എസ്.ആർ മുൻകൈയെടുക്കുന്നുണ്ട്. വെറുതെ മനസിലാക്കി അറിഞ്ഞ് പോകുന്നതിന് പകരം അക്കാദമിക് ആയി സമീപിക്കുക കൂടി ചെയ്യുന്നുണ്ട് ഇവിടെ. പട്ടികവർഗ വിഭാഗത്തിന്റെ തനതായ സംസ്കാരം, തൊഴിൽ, അറിവുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പ്രവർത്തനം.
ഓരോ വർഷവും 100ലധികം പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾ ഉന്നത പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നു എന്നതാണ് ഐ.ടി.എസ്.ആറിനെ മറ്റുള്ള സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. പലപ്പോഴും മിക്ക സ്ഥാപനങ്ങളിലും -പഠനത്തിലാകട്ടെ, ജോലിയിലാകട്ടെ, സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമെടുത്താൽ ഒരു ക്ലാസിൽ ചിലപ്പോൾ രണ്ടോ മൂന്നോ സംവരണ സീറ്റുകളുമാണ് ഉണ്ടാകുക. അതിൽ വിദ്യാർഥികൾ പഠനത്തിനായി ചേർന്നാൽതന്നെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന സാഹചര്യവും കാണാം. എന്നാൽ, ഐ.ടി.എസ്.ആർ പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രമായി പഠന അവസരം ഒരുക്കുന്നതിനാൽ ഓരോ അക്കാദമിക് വർഷത്തിലും ഇത്രയധികം വിദ്യാർഥികൾ ഒരുമിച്ച് വരികയും പഠനം പൂർത്തിയാക്കി പോകുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം. പലപ്പോഴും അട്ടപ്പാടി, ഇടമലക്കുടി തുടങ്ങിയ മേഖലകളിൽനിന്ന് കുട്ടികൾക്ക് ജില്ലക്ക് പുറത്തോ കേരളത്തിന് പുറത്തോ പോയി പഠിക്കാനുള്ള സാഹചര്യം ലഭിക്കാറില്ല. ഉന്നത പഠനത്തിനായി ആഗ്രഹിക്കുന്ന ഈ കുട്ടികൾക്ക് വളരെ എളുപ്പത്തിൽതന്നെ ചേർന്ന് പഠിക്കാവുന്ന സാഹചര്യമാണ് ഐ.ടി.എസ്.ആറിൽ. കൂടുതലും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളായതിനാൽ ഐ.ടി.എസ്.ആറിന്റെ പരിസ്ഥിതിയുമായി വേഗം ഇണങ്ങാനും സാധിക്കും.
പഠനത്തിൽ പിന്നോട്ടുപോയാൽ മടി എന്ന കാരണം കൊണ്ടു മാത്രമാണെന്ന പൊതു ബോധത്തെയും പൊളിക്കുകയാണ് ഐ.ടി.എസ്.ആറിലെ അധ്യാപകരും വിദ്യാർഥികളും. പല ചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർഥികളായതിനാൽ അവരുടെ പഠനത്തെ സ്വാധീനിക്കുന്ന കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. കുടുംബം, ഭാഷ, സംസ്കാരം തുടങ്ങിയവയെല്ലാം അവരിൽ സ്വാധീനം ചെലുത്തും. അതിനാൽ വിദ്യാർഥികളുടെ യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരം കണ്ട് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം കൂടി ഒരുക്കുകയാണ് ഇവിടെ. രണ്ടുവർഷം മുമ്പ് ഇൻഡീജീനിയസ് ദിനത്തിന്റെ ഭാഗമായി പഠനം ഉപേക്ഷിച്ച എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി ഒരു പ്രത്യേക പരിപാടി നടത്തിയിരുന്നു. ഇവിടത്തെ വിദ്യാർഥികൾ തന്നെയാണ് കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വരേണ്ടതിന്റെ പ്രധാന്യം വിവരിച്ച് നൽകിയത്. അവർക്ക് ഇനി എങ്ങനെ പഠനം തുടരാം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. കുട്ടികൾക്ക് മാത്രമല്ല, സമൂഹത്തിലേക്കും വിദ്യാഭ്യാസത്തിന്റെ പ്രധാന്യം പകർന്നുനൽകുക എന്നതായിരുന്നു ലക്ഷ്യം.
ചെതലയത്തോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളായ പുല്ലുമല, പൂവരച്ചി, പുകലമാളം എന്നിവിടങ്ങളിലെ ഉന്നമനവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഐ.ടി.എസ്.ആറിലെ വിദ്യാർഥികളും അധ്യാപകരും പല പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെയാണ് ബോധവത്കരണ -മോട്ടിവേഷൻ സെഷനുകൾ നൽകിവരുന്നത്. കൂടാതെ, ഇൻഡീജിനിയസ് ഡേ ആഘോഷം വർഷങ്ങളായി ഇവിടെ നടത്തിവരുന്നു. ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കാറുള്ളത്. വിദ്യാർഥികൾക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുക. അതിൽ ഉൾപ്പെട്ടതാണ് ട്രെഡീഷനൽ ഗ്രൂപ്പ് ഡിസ്കഷൻ, ദേശീയ സെമിനാറുകൾ തുടങ്ങിയവയെല്ലാം. കൂടാതെ, കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊമേഴ്സ് ഫെസ്റ്റും സംഘടിപ്പിച്ചുപോരുന്നു. ഒരു സമൂഹം നേരിടുന്ന പ്രതിസന്ധികൾ അഭിസംബോധന ചെയ്യണമെങ്കിൽ ആ സമൂഹത്തിൽനിന്നുള്ളവർ തന്നെ വേണമെന്ന് നിലപാടാണ് ഐ.ടി.എസ്.ആറിന്. അതുകൊണ്ടുതന്നെ വിദ്യാർഥികൾ മാത്രമല്ല, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ കാര്യത്തിലും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ട് ഇവിടെ.
സെന്റർ ഓഫ് എക്സലൻസിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഇൻഡീജീനിയസ് പീപ്പിൾസ് എജുക്കേഷൻ (സി.പി.ഐ.ഇ) കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഐ.ടി.എസ്.ആർ. ഈ അധ്യയന വർഷം മുതൽ അതിന്റെ പ്രവർത്തികൾ ആരംഭിക്കും. വിദ്യാർഥികളുടെ നൈപുണ്യ വികസനം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. ഐ.ടി.എസ്.ആറിലെ വിദ്യാർഥികൾക്ക് മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് പദ്ധതി ഒരുക്കുക.
അസാപ് കേരളയും ട്രെബൽ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സ്കിൽ ഡെവലപ്മെന്റ് ക്ലാസുകൾക്ക് ഈ വർഷം മുതൽ തുടക്കമാകും. അവസാന വർഷ വിദ്യാർഥികൾക്കാണ് ഇത് ലഭ്യമാക്കുക. ഐ.ടി.എസ്.ആറിൽ മാത്രമല്ല, താൽപര്യമുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്ലാസ് സംഘടിപ്പിക്കുക.
റൂസ പ്രകാരം കരിയർ അഡ്വാൻസ്മെന്റ് ആൻഡ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഫോർ ട്രൈബൽസ് എന്ന പ്രൊജക്ടിന് ഈ ആഗസ്റ്റിൽ തുടക്കമാകും. നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൂടാതെ കിർത്താർഡ്സും ഐ.ടി.എസ്.ആറുമായി സഹകരിച്ച് ക്രസ്റ്റ് വഴി വിദ്യാർഥികൾക്ക് ഒരു മാസത്തെ ഫിനിഷിങ് കോഴ്സുകൾ നൽകിവരുന്നുണ്ട്. കുട്ടികൾക്ക് ആശയവിനിമയം ഉൾപ്പെടെയുള്ള മേഖലകളിൽ എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ അതിനെ മറികടക്കുക എന്ന രീതിയിലാണ് ഈ പദ്ധതി. ഫിനാൻഷ്യൽ ലിറ്ററസി, എന്റർപ്രണർഷിപ്പ്, എജുക്കേഷൻ, പ്രഫഷനൽ ഡെവലപ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പല സർക്കാർ -സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ചാണ് വർക്ഷോപ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. അതിലൊന്നാണ് കേരള ലീഗൽ അതോറിറ്റി -കെൽസയുമായി സഹകരിച്ച് നടത്തുന്ന പരിപാടി. വിദ്യാർഥികൾക്ക് പൊതു സമൂഹത്തെക്കുറിച്ചോ പൊതു സിസ്റ്റത്തെക്കുറിച്ചോ അറിവുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വർക്ഷോപ്പുകൾ സംഘടിപ്പിക്കുന്നത്. കൂടാതെ സിവിൽ സർവിസ് ഉൾപ്പെടെയുള്ള കരിയർ അധിഷ്ഠിത പരിശീലന പരിപാടികളും ഐ.ടി.എസ്.ആറിൽ സംഘടിപ്പിച്ചുപോരുന്നുണ്ട്.
ഇന്നത്തെ കാലത്ത് മിക്ക വിദ്യാർഥികളും നേരിടുന്ന പ്രശ്നമാണ് ഭാഷ. മലയാളം, ഇംഗ്ലീഷ്, മറ്റു ഭാഷകൾ എന്നിവയിലൊന്നും കുട്ടികൾക്ക് പ്രാവീണ്യമില്ല. സ്കൂൾ തലം മുതൽ കുട്ടികളെ ഭാഷ കൈകാര്യം ചെയ്യാൻ പഠിപ്പിക്കേണ്ടതിന്റെ പ്രധാന്യവും വർധിച്ചു. സ്വന്തം മാതൃഭാഷയിലെ തന്നെ വാക്കുകൾതന്നെ പലർക്കും അറിയില്ല. എല്ലാ കുട്ടികളും നേരിടുന്ന ഈ പ്രശ്നം ഐ.ടി.എസ്.ആറിലെ വിദ്യാർഥികളും നേരിടുന്നുണ്ട്. അവരുടെതന്നെ ഗോത്രഭാഷയിലെ വാക്കുകൾ അറിയാത്ത കുട്ടികളാണ് ഏറെയും. അതിനാൽ വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം, ഗോത്രഭാഷകൾ എന്നിവക്കായി ഭാഷ ലാബ് ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം, ജോലി എന്നിവ മുന്നിൽകണ്ടാണ് ഇവയുടെ പ്രവർത്തനം. എഴുത്ത്, വായന, സംസാരം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.
ഐ.ടി.എസ്.ആറിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സർവകലാശാല ആരംഭിച്ചുകഴിഞ്ഞു. നിലവിൽ പത്ത് ഏക്കറിൽ രണ്ട് കെട്ടിടങ്ങളിലായാണ് ഐ.ടി.എസ്.ആറിന്റെ പ്രവർത്തനം. ഇത്തരം പരിമിതികളെ മറികടക്കുന്നതിനായി ഈ അക്കാദമിക് വർഷം മുതൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഹോസ്റ്റലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.