ഇന്ത്യൻ ചലച്ചിത്രരംഗത്ത് അസ്തിവാരമുറപ്പിച്ചവരിലൊരാളും അതുല്യ പ്രതിഭാശാലിയുമായിരുന്ന ഗുരുദത്തിന്റെ നൂറാം ജന്മവാർഷികമായിരുന്നു ജൂലൈ ഒമ്പത്. സംവിധായകൻ, നിർമാതാവ്, നടൻ, എഴുത്തുകാരൻ, സംഗീതജ്ഞൻ എന്നിങ്ങനെ പല മേഖലകളിൽ പ്രവർത്തിച്ച സ്വപ്നാടകനാണ് ഗുരുദത്ത്. ഗുരുദത്തിന്റെ പല വിമർശകരും കച്ചവട താൽപര്യങ്ങളുമായി ദത്ത് നടത്തിയ വിട്ടുവീഴ്ചകളെ പരാമർശിക്കുന്നുണ്ട്.
ഇത്തരം വിട്ടുവീഴ്ചകൾക്കൊരുങ്ങിയിരുന്നില്ലെങ്കിൽ സത്യജിത് റായിയുടെ നിലവാരത്തിലേക്കുയരുമായിരുന്നു ഗുരുദത്തെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, തന്റെ ചലച്ചിത്രങ്ങളിലൂടെ വെറും സ്വപ്നങ്ങൾ പടച്ചുവിടുക മാത്രമല്ല ദത്ത് ചെയ്തത്. അതുവരെ ആരും ചലച്ചിത്രത്തിൽ പരീക്ഷിക്കാതിരുന്ന മറ്റൊരു തരം യാഥാർഥ്യത്തെയാണ് അദ്ദേഹം ആവിഷ്കരിച്ചത്.
‘പ്യാസാ’, ‘കാഗസ് കേ ഫൂൽ’, ‘സാഹേബ് ബീവി ഓർ ഗുലാം’ എന്നീ ചലച്ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളുടെ മാനസിക പ്രവണതകൾ വിശകലനം ചെയ്യുന്ന ഒരു കവിയെപ്പോലെ അദ്ദേഹം കാമറ ഉപയോഗിച്ചു. മൂലധനസ്രോതസ്സുകളോടുള്ള വിധേയത്വമായിരുന്നു ഗുരുദത്തിന്റെ പരിമിതിയെങ്കിലും അഗാധമായ ഏതോ വിശ്വാസത്തിന്റെ പ്രേരണയിലും ബലത്തിലുമാണ് സ്വന്തം മാധ്യമത്തെ അദ്ദേഹം ഉപയോഗിച്ചത് എന്നിടത്താണ് ഗുരുദത്തിന്റെ പ്രസക്തി.
ഗുരുദത്തിന്റെ സിനിമകളിൽ സംഗീതത്തിനുള്ള പ്രാധാന്യം അതിരറ്റതാണ്. കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെങ്കിലും ഋത്വിക് ഘട്ടക്കിനോട് ഗുരുദത്തിനുള്ള സാധർമ്യം വ്യക്തമാണ്. പരമമായ ഏകാന്തതയും വിഷാദാഭിമുഖ്യവുമാണ് ഗുരുദത്തിന്റെ ചാലകശക്തിയെങ്കിൽ ഉന്നതമായ സാമൂഹികാവബോധവും ദീർഘദർശനവുമായിരുന്നു ഘട്ടക്കിന്റെ കലയെ അന്ത്യം വരെ ഒരു ഒഴിയാബാധയായി അലട്ടിക്കൊണ്ടിരുന്നത്.
ദത്തിന്റെ സിനിമകളിൽ ഗാനങ്ങളും മെലോഡ്രാമയും മനോഹരമായി സമ്മേളിക്കുകയും സംഗീതം യുക്തമായി പ്രയോഗിക്കപ്പെടുകയും ചെയ്തു. 22ാം വയസ്സിൽ താനെഴുതിയ ‘കശ്മകൻ’ എന്ന ചെറുകഥയാണ് പിന്നീട് ‘പ്യാസാ’ എന്ന പേരിൽ ദത്ത് ചലച്ചിത്രമാക്കിയത്. ചിത്രീകരണ സമയത്ത് നായകനായി നിശ്ചയിച്ചിരുന്ന ദിലീപ് കുമാർ എത്തിച്ചേരാത്തതിനാൽ ദത്ത് സ്വയം ആ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. ‘പ്യാസാ’യോടെ ഒരു താരമെന്ന നിലക്കുള്ള ദത്തിന്റെ ഉദയവും സംഭവിച്ചു. ഒരു നൃത്ത സംവിധായകനായാണ് ദത്ത് ആദ്യം സിനിമയിൽ പ്രവേശിക്കുന്നത്. ഉദയാശങ്കറിന്റെ ശിഷ്യനായിരുന്നു നൃത്തത്തിൽ ഗുരുദത്ത്.
ചെറിയ കാലയളവുകൊണ്ടുതന്നെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ലബ്ധപ്രതിഷ്ഠനാകാൻ തക്ക പ്രതിഭ പ്രദർശിപ്പിച്ച ഈ സംവിധായകന്റെ കൃതികൾ പുരുഷാന്തരങ്ങളിലൂടെ സഞ്ചരിച്ചു. മരണശേഷമാണ് സത്യത്തിൽ ഗുരുദത്ത് ശരിയായി വിലയിരുത്തപ്പെട്ടത്. മിതഭാഷിയും അന്തർമുഖനുമായിരുന്ന ദത്തിന് സിനിമാ സൽക്കാര രാത്രികളോടോ അഭിമുഖങ്ങളോടൊ ഒരു താൽപര്യവുമുണ്ടായിരുന്നില്ല.
മാധ്യമങ്ങൾ ദത്തിനെതിരെ തിരിയുവാൻ ഇതൊരു കാരണമായിരുന്നിരിക്കാം. ദത്തിന്റെ ഏറ്റവും മഹത്തായ ചിത്രമെന്ന് കാലം വിലയിരുത്തിയ ‘കാഗസ് കേ ഫൂൽ’ എന്ന ചിത്രത്തിന് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആക്രമണങ്ങൾ ദത്തിനെ തളർത്തി. 1963ൽ ബർലിനിൽ നടന്ന രാഷ്ട്രാന്തരീയ ചലച്ചിത്ര മത്സരവേദിയിൽ ‘സാഹേബ് ബീവി ഔർ ഗുലാം’ പൂർണമായും തിരസ്കരിക്കപ്പെട്ടതോടെ, തന്റെ അവസാന പരാജയമായി ദത്ത് ആ സംഭവത്തെ വ്യക്തമാക്കി.
സ്വതന്ത്ര ചിന്തകനും കവിയും അധ്യാപകനുമായിരുന്ന ശിവശങ്കർ ആയിരുന്നു ഗുരുദത്തിന്റെ പിതാവ്. 1925 ജൂലൈ ഒമ്പതിനായിരുന്നു ദത്തിന്റെ ജനനം. മാതാവിന്റെ ഒരകന്ന ബന്ധുവും ഒരു ചിത്രകാരനും സിനിമകളുടെ പോസ്റ്റർ ഒരുക്കുന്നതിൽ വിദഗ്ധനുമായിരുന്ന ബി.ബി. ബെനഗൽ ഗുരുദത്തിനെ ഏറ്റെടുത്ത് പ്രോത്സാഹിപ്പിച്ചു. ദത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകാനുള്ള അവസരവും െബനഗൽ ഉപേക്ഷിച്ചില്ല.
ഉദയ ശങ്കറിനു മുന്നിൽ തന്റെ നൃത്തവൈദഗ്ധ്യം പ്രകടിപ്പിക്കാൻ അവസരം കിട്ടിയ ദത്ത് കൊൽക്കത്തയിൽനിന്നും അൽമോറയിലേക്ക് യാത്രയായി. രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളാൽ ദത്ത് തിരികെ വീട്ടിലെത്തി നിസ്സഹായനും തിരസ്കൃതനുമായി ജീവിതം തുടർന്നുവെങ്കിലും െബനഗൽ വീണ്ടും സഹായത്തിനെത്തി. പുണെയിലെ പ്രഭാത് സ്റ്റുഡിയോയിൽ നൃത്തസംവിധാന സഹായിയായി ദത്തിന് ജോലികിട്ടി. ബുദ്ധിശാലിയായിരുന്ന ദത്ത് സിനിമാ നിർമാണത്തിന്റെ പാഠങ്ങളെല്ലാം ശ്രദ്ധിച്ച് മനസ്സിലാക്കുകയും 45ൽ ഒരു ചിത്രത്തിൽ വേഷമിടുകയും ചെയ്തു.
ഒരു ചലച്ചിത്ര സംവിധായകനാകുക എന്നതാണ് തന്റെ ജീവിതനിയോഗമെന്ന് അക്കാലത്താണ് ദത്ത് തിരിച്ചറിഞ്ഞതത്രെ. ‘ഹം എക്ഹെ’ എന്ന ചിത്രത്തിന്റെ നിർമാണവേളയിൽ ദേവാനന്ദിനെ ദത്ത് പരിചയപ്പെടുകയും ആ ബന്ധം എന്നെന്നേക്കും നിലനിൽക്കുകയും ചെയ്തു. ദേവാനന്ദ് തന്റെ ‘ബാസി’ എന്ന ചിത്രം സംവിധാനം ചെയ്യാൻ ദത്തിനെ ക്ഷണിച്ചു. ഈ ചിത്രത്തിന്റെ രചനാ വേളയിലാണ് ദത്ത് ‘ബദറുദ്ദീൻ ജലാലുദ്ദീൻ കാസി’യെ കണ്ടെടുക്കുന്നത്.
ഹാസ്യനടനും സ്വഭാവനടനും ഒക്കെയായി ഒരു കാലഘട്ടത്തെ കീഴടക്കിയ ‘ജോണിവാക്കർ’ ആണ് ഈ ജലാലുദ്ദീൻ കാസി. മരണപര്യന്തം ആ സൗഹൃദവും അഭംഗുരം തുടർന്നു. ‘ബാസി’യുടെ നിർമാണവേളയിൽ പരിചയപ്പെട്ട ചില പ്രതിഭകളെ പിന്നീട് ‘ദത്ത് ഫിലിംസ്’ രൂപവത്കരിച്ചപ്പോൾ ഗുരുദത്ത് കൂടെ ചേർത്തു. അക്കൂട്ടത്തിൽ പ്രധാനിയായിരുന്നു ഛായാഗ്രാഹകനായിരുന്ന വി.കെ. മൂർത്തി.
ജ്ഞാൻ മുഖർജി എന്ന ഒരു സംവിധായകനെയാണ് ഗുരുദത്ത് ചലച്ചിത്രരചനയിൽ തന്റെ ഗുരുവായി കണക്കാക്കിയിരുന്നത്. ‘ബാസി’ വിജയിച്ചതോടെ ദത്ത് ഹിന്ദി സിനിമയിൽ അവിഭാജ്യ ഘടകമായി. ‘ബാസി’യിലെ ഗാനങ്ങൾ ആലപിക്കാൻ വന്ന അന്നത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന ഗീത ഗുരുദത്തുമായി പ്രണയത്തിലായി. വിരുദ്ധ ധ്രുവങ്ങൾ തമ്മിലുള്ള ഒരു ക്ഷണികാകർഷണം മാത്രമായിരുന്നു അതെന്ന് വളരെ വൈകിയാണ് ഇരുകൂട്ടരും തിരിച്ചറിഞ്ഞത്.
സംവിധായകനെന്ന നിലക്ക് കൂടുതൽ സ്വാതന്ത്ര്യമനുഭവിക്കുന്നതിനായി ദത്ത് സിനിമകൾ ചിലരുമായി കൂട്ടുചേർന്ന് നിർമിക്കുവാനാരംഭിച്ചു. ‘ബാസ്’ എന്ന് പേരിട്ട ഈ ചിത്രത്തിൽ നായകനായി ദത്ത് അഭിനയിക്കുകയും ചെയ്തു. അഭിനേതാവെന്ന നിലക്ക് വിജയമായിരുന്നുവെങ്കിലും ബാസ് സാമ്പത്തിക പരാജയമായി.
ഗാനങ്ങൾ ജനപ്രിയങ്ങളായി എന്നതു മാത്രമായിരുന്നു നേട്ടം. പിന്നീട് ‘ആർപാർ’ എന്ന ചിത്രം സ്വന്തമായി നിർമിക്കാനിറങ്ങി. ‘ആർപാറി’നുശേഷമാണ് തന്റെ ജീവിതാഭിലാഷമായിരുന്ന ‘പ്യാസാ’യുടെ നിർമാണത്തിലേക്ക് ദത്ത് പ്രവേശിച്ചത്. ചിത്രം വലിയ വിജയം നേടി.
ഇന്ത്യൻ സിനിമയെ നേരിട്ടും പരോക്ഷമായും ‘പ്യാസാ’ സ്വാധീനിച്ചതോടെ കരുത്തുറ്റ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ധൈര്യം ദത്തിന് കൈവന്നു. 1956ൽ സി.ഐ.ഡി എന്ന ചിത്രത്തിന് വേണ്ടി താൻ കണ്ടെത്തിയ പുതുമുഖമായ വഹീദാ റഹ്മാന് പ്യാസായിൽ കഥാനായികയുടെ വേഷംതന്നെ ഗുരുദത്ത് നൽകി.
‘പ്യാസാ’യുടെ അന്ത്യരംഗം ചിത്രീകരിക്കാൻ 104 ടേക്കുകൾ എടുക്കുവാൻപോലും ദത്ത് സന്നദ്ധനായത്രെ. ബോംബെയിലെ അതിസമ്പന്നർ താമസിക്കുന്ന പാലി ഹൗസിൽ ഒരു കൂറ്റൻ ബംഗ്ലാവ് ദത്ത് സ്വന്തമാക്കിയിരുന്നു. ആ കെട്ടിടം ഒരു ദിവസം ദത്തിന്റെ നിർദേശ പ്രകാരം തകർത്തുകളയുകയുമുണ്ടായി.
ദത്ത് നിർമിച്ച ഏറ്റവും മഹത്തായ ചിത്രം ‘കാഗസ് കേ ഫൂൽ’ ആണെന്ന് കരുതപ്പെടുന്നു. ഫെല്ലിനിയുടെ ‘Eight and half’നോടാണ് ചിലർ ഇതിനെ താരതമ്യം ചെയ്യുന്നതെന്നോർക്കണം. ഈ ചിത്രത്തിന്റെ തകർച്ചയോടെ സംവിധാനത്തിൽനിന്ന് ദത്ത് പൂർണമായും പിൻവാങ്ങി. ലോകം തന്നെ ശ്വാസം മുട്ടിച്ചുകൊല്ലുമെന്നും പ്രേക്ഷകനോട് എനിക്ക് വിനിമയം ചെയ്യാൻ കഴിയാതെയായി എന്നും ദത്ത് വിശ്വസ്തരോട് പറഞ്ഞു. ’80കളിൽ ആ ചിത്രം ഉയിർത്തെഴുന്നേറ്റു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു.
ഗുരുദത്തിന് സിനിമ കലാപ്രവർത്തനം മാത്രമായിരുന്നില്ല. ജീവിതംതന്നെയായിരുന്നു എന്നുറപ്പിച്ചു പറയാം. ആഴമേറിയ മാനവികതയും സിനിമയുടെ രൂപത്തിന്മേലുള്ള നിരന്തരവും സൃഷ്ടിപരവുമായ പരീക്ഷണങ്ങളും ഗുരുദത്തിനെ ഓർസൺ വൈൽസ്, മിസോഗുച്ചി, ഹിച്ച് കോക്ക്, ജാൻക്സോ തുടങ്ങിയ മഹാരഥന്മാരുടെ പട്ടികയിലേക്കുയർത്തുന്നു. ഗുരുദത്തിന്റെ കല കാലത്തെ അതിജീവിച്ച് മുന്നേറിക്കൊണ്ടേയിരിക്കുന്നു. 1964 ഒക്ടോബർ 10നായിരുന്നു അദ്ദേഹത്തിന്റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.