ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി രാകേഷ് റോഷൻ; സുഖം പ്രാപിക്കുന്നതായി മകൾ സുനൈന

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ പിതാവും ചലച്ചിത്ര നിർമാതാവുമായ രാകേഷ് റോഷന്‍റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അടുത്തിടെ കഴുത്തിന് ആൻജിയോപ്ലാസ്റ്റി നടത്തിയ അദ്ദേഹം ഇപ്പോൾ മുംബൈയിലെ ഒരു ആശുപത്രിയിലാണ്. രാകേഷ് സുഖം പ്രാപിക്കുന്നതായി മകൾ സുനൈന റോഷൻ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അവർ ആരാധകർക്ക് ഉറപ്പ് നൽകി.

ജൂലൈ 16ന് ആരോഗ്യം മോശമായതിനെ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 'അച്ഛന് കഴുത്തിൽ ആൻജിയോപ്ലാസ്റ്റി ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നുമില്ല. വിഷമിക്കേണ്ട കാര്യമില്ല. അദ്ദേഹം വിശ്രമിക്കുകയാണ്'- സുനൈന മാധ്യമങ്ങളോട് പറഞ്ഞു.

രാകേഷ് റോഷനെ ഐ.സി.യുവിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റിയെന്നതാണ് ഏറ്റവും പുതിയ വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനിലക്ക് പ്രശ്നങ്ങളൊന്നുമില്ല. ഹൃത്വിക് റോഷൻ പതിവായി പിതാവിനെ സന്ദർശിക്കാറുണ്ടെന്നും പലപ്പോഴും പങ്കാളിയായ സബ ആസാദും അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 'കഹോ നാ പ്യാർ ഹേ', 'കോയി മിൽ ഗ്യാ', 'ക്രിഷ്', 'ക്രിഷ് 3' തുടങ്ങിയ ഹിറ്റ് ബോളിവുഡ് സിനിമകൾ സംവിധാനം ചെയ്തതിലൂടെ രാകേഷ് പ്രശസ്തനാണ്. 'മാൻ മന്ദിർ', 'ഖേൽ ഖേൽ മേ', 'ഖന്ദാൻ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1970 -1980 കാലത്തെ ശ്രദ്ധേയനായ നടൻ കൂടിയായിരുന്നു.

Tags:    
News Summary - Rakesh Roshan undergoes neck angioplasty, daughter Sunaina confirms recovery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.