മുതിർന്ന നടനും തെലുങ്ക് ഹാസ്യതാരവുമായ ഫിഷ് വെങ്കട്ട് അന്തരിച്ചു. 53 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വൃക്ക തകരാറിലായതിനെ തുടർന്നാണ് ഫിഷ് വെങ്കട്ടിനെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൃക്ക മാറ്റിവെക്കൽ ആവശ്യമായി വന്നതിനാൽ അദ്ദേഹം ഐ.സി.യുവിലായിരുന്നു. ഈ മാസം ആദ്യം, വെങ്കട്ടിന്റെ മകൾ ശ്രാവന്തി പിതാവിന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കുകയും നടൻ പ്രഭാസിന്റെ ടീം അവർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ വെങ്കട്ടിന്റെ കുടുംബത്തിലെ മറ്റൊരു അംഗം, കോൾ വ്യാജമാണെന്നും പ്രഭാസിൽ നിന്ന് അവർക്ക് സഹായം ലഭിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രഭാസിന്‍റെ സഹായിയാണെന്ന് നടിച്ച് അജ്ഞാതനായ ഒരാൾ വിളിച്ചിരുന്നു. എന്നാൽ പിന്നീട് അത് വ്യാജ കോളാണെന്ന് കണ്ടെത്തുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതമായിരുന്നു വെങ്കട്ടിന്‍റേത്. ദില്‍, ബണ്ണി, ഭഗീരഥ, കിങ്ങ്, ശിവം, ഗബ്ബർ സിങ്, അധർസ്, ഡിജെ ടില്ലു, ഖുഷി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. കോമഡി വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള നടനായായിരുന്നു വെങ്കട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.