1950കളിലെ കൊൽക്കത്ത നഗരം. ആരതിയും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ അച്ഛനമ്മമാരും പെങ്ങളും അടങ്ങുന്ന കല്‍ക്കത്തയിലെ ഒരു മധ്യവർഗ കുടുംബം. ഭർത്താവിന്റെ സ്വകാര്യബാങ്കിലെ ജോലിയാണ് ആ കുടുംബത്തിന്റെ ഏക വരുമാന മാർഗം. തുച്ഛമായ ശമ്പളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കുന്നില്ല അയാൾക്ക്. ആരതി മജുംദാറിലൂടെയാണ് (മാധബി മുഖര്‍ജി) കഥ വികസിക്കുന്നത്. കുടുംബത്തിലെ വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദം നേരിടാൻ ജോലിചെയ്യാൻ തീരുമാനിക്കുകയാണ് ആരതി. ഭർത്താവ് അതിന് സമ്മതം കൊടുക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികനായ ഭർത്താവിന്റെ അച്ഛന് അത് അംഗീകരിക്കാൻ കഴിയുന്നില്ല. മരുമകൾ കുടുംബം പോറ്റേണ്ടിവരുമെന്നത് അയാളെ അസ്വസ്ഥനാക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലുപരി, ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് മാത്രം കുടുംബം മുന്നോട്ടുപോകില്ല എന്ന തിരിച്ചറിവാണ് ഒരു ജോലി തിരഞ്ഞെടുക്കാൻ ആരതിയെ പ്രേരിപ്പിക്കുന്നത്.
ഭര്‍ത്താവ് ജോലിചെയ്ത് ശമ്പളം കൊണ്ടുവരുന്നു, ഭാര്യവീട് നോക്കുന്നു എന്ന പരമ്പരാഗത ചിന്താഗതി പുലര്‍ത്തിപ്പോന്നിരുന്ന ഈ ഇന്ത്യന്‍ മധ്യവർഗ കുടുംബത്തിന് നഗരജീവിതം അത്ര എളുപ്പമാകുന്നില്ല. സാമ്പത്തികമായ നിലനിൽപിന് ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാവുന്നു. 1963ല്‍ സത്യജിത് റായി സംവിധാനംചെയ്ത ബംഗാളി ചിത്രമാണ് ‘മഹാനഗര്‍’. ആരതിയിലൂടെ നഗരത്തിലെ മധ്യവർഗ സ്ത്രീകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തെയാണ് സിനിമ പര്യവേക്ഷണം ചെയ്യുന്നത്.
എന്നാൽ, സ്വതന്ത്രയായ സ്ത്രീയിലേക്ക് സഞ്ചരിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ആരതിയെപ്പോലുള്ള ഒരാൾക്ക് അത് കഠിനഘട്ടംതന്നെയാണ്. അവൾ തൊഴിലിലൂടെ വ്യക്തിത്വം നേടുമ്പോൾ ഭർത്താവിൽ അത് അസൂയയുടെയും പുരുഷാധിപത്യത്തിന്റെയും വേരുകൾ ഉറപ്പിക്കുന്നു. അയാൾക്ക് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഇന്നും സ്ത്രീകൾ ജോലിക്ക് പോകുന്നത് കുറച്ചിലായി കാണുന്ന കുടുംബങ്ങളുള്ള സമൂഹത്തില്‍ ഈ ചിത്രം വീണ്ടും കാണേണ്ടതും ചർച്ചചെയ്യേണ്ടതും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.