നഗരത്തിൽ ഒരു പെൺകുട്ടി മരിക്കുന്നു. അവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് ഒരാൾക്ക് വധശിക്ഷ ലഭിക്കുന്നു. വർഷങ്ങൾ കഴിഞ്ഞ് അയാളുടെ മകൾ കോടതിയിൽ അച്ഛനുവേണ്ടി വാദിക്കുന്നു. നിരപരാധിയായ അയാൾക്ക് ഒടുവിൽ നീതി ലഭിക്കുന്നു. 1997ലാണ് കഥ നടക്കുന്നത്. യോങ് ഗു ഒരു പാർക്കിങ് ഗാരേജ് അറ്റൻഡന്ററാണ്. അദ്ദേഹം ആറ് വയസ്സുള്ള യെ സുങ്ങിനെ ഒറ്റക്കാണ് വളർത്തുന്നത്. യോങ് ഗു തന്റെ മകൾക്കായി സെയിലർ മൂൺ ബാഗിനായി പോകുന്നിടത്താണ് കഥ മാറിമറയുന്നത്. മാനസിക വൈകല്യമുള്ള പിതാവ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നു. യോങ് ഗുവിന്റെയും യെ സുങ്ങിന്റെയും നിറമുള്ള ലോകം അവിടെ അവസാനിക്കുകയാണ്. യോങ് ഗുവിന്റെ ശിഷ്ട ജീവിതം പിന്നെ ജയിലിലാണ്. വധശിക്ഷയാണ് അയാൾക്ക് കോടതി വിധിച്ചത്.
2013ൽ ലീ ഹ്വാൻ-ക്യുങ് സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ കോമഡി ഡ്രാമയാണ് ‘മിറക്ൾ ഇൻ സെൽ നമ്പർ 7’. ദക്ഷിണ കൊറിയയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണിത്. 82 മില്യൺ ഡോളറിലധികം വരുമാനമാണ് ചിത്രം നേടിയത്. 12 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. 2017ൽ കന്നടയിൽ ‘പുഷ്പക വിമാന’ എന്ന പേരിലും ‘മിറക്ൾ ഇൻ സെൽ നമ്പർ 7’ എന്ന പേരിൽ തന്നെ 2019ൽ ടർക്കിഷ് ഭാഷയിലും ഫിലിപ്പീൻസിലും 2022ൽ ഇന്തോനേഷ്യൻ ഭാഷയിലും റീമേക്കുകൾ ഇറങ്ങി.
മാനസിക വൈകല്യമുള്ള ഒരു മനുഷ്യന് ചെയ്യാത്ത കുറ്റത്തിന് തടവിലാവുകയും, ഇതറിഞ്ഞ് മനസ്സലിയുന്ന തടവറയിലെ കൂട്ടുകാര്, മകളെ രഹസ്യമായി തടവറയിൽ എത്തിക്കുകയും ചെയ്യുന്നു. ജയിൽ ചാട്ടങ്ങളോ ആക്രമവാസനയോ ഇല്ലാതെ അച്ഛൻ-മകൾ ബന്ധത്തിന്റെ തീവ്രതക്കാണ് ചിത്രം പ്രാധാന്യം കൊടുക്കുന്നത്. പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ യെ സുങ് വർഷങ്ങളോളമാണ് പരിശ്രമിച്ചത്. ഒടുവിൽ 16 വർഷങ്ങൾക്കു ശേഷം ആ മനുഷ്യന് നീതി ലഭിക്കുന്നു. പക്ഷേ ഒരു ട്വിസ്റ്റുണ്ട്. വധശിക്ഷക്ക് മുമ്പുള്ള മാസങ്ങളിൽ ജയിലിൽ വെച്ച് അച്ഛനും മകളും നടത്തുന്ന കൂടിക്കാഴ്ചകളും സഹതടവുകാരുമായി അവൾ വളർത്തിയെടുക്കുന്ന സൗഹൃദവുമാണ് ചിത്രത്തിന്റെ മിറക്ൾ.
അച്ഛനും മകളും തമ്മിലുള്ള കെമിസ്ട്രിയും സഹതടവുകാരുടെ ബന്ധങ്ങളും സിനിമയുടെ വൈകാരിക തലത്തെ ഊട്ടി ഉറപ്പിക്കുന്നുണ്ടെങ്കിലും കോമഡിയിലൂടെ സഞ്ചരിക്കുന്നതിനാൽ അതിന്റെ വൈകാരിക തീവ്രത എത്രത്തോളം കണക്ട് ആവുമെന്ന് ഉറപ്പില്ല. മഞ്ഞയും ഓറഞ്ചും ബ്രൗണും കലർന്ന കളർടോണാണ് ജയിലിടങ്ങളിൽ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരേസമയം നൊസ്റ്റാൾജിയയും നിഷ്കളങ്കതയും വൈകാരികതയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഒരു പൗരന് തന്റെ രാജ്യത്തിൽ ലഭിക്കേണ്ടതായ ചില അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ട്. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് പറയുമ്പോഴും സ്വന്തം രാജ്യത്ത് നീതി നിഷേധിക്കപ്പെട്ട് ജീവിക്കുന്നവർ നിരവധിയാണ്. പണവും പദവിയും ഇവിടെ അളവ് കോലാവുമ്പോൾ അതില്ലാത്തവർ നിസ്സാഹായരാവുന്നു. യോങ് ഗുവിന്റെ മനോവൈകല്യവും മകളോടുള്ള സ്നേഹവുമാണ് ഇവിടെ മുതലെടുക്കപ്പെട്ടത്. യോങ് ഗുവും യെ സുങ്ങും തന്നെയാണ് സിനിമയുടെ ഹൃദയം. മാനസിക വൈകല്യമുള്ള വ്യക്തിയുടെ സഹജമായ, കഷ്ടതയും നിസ്വാർഥമായ സ്നേഹവും നിറഞ്ഞ യോങ് ഗുവിന്റെ പ്രകടനം അഭിനന്ദനാർഹമാണ്. യെ സുങ് ഊർജസ്വലയായ ഒരു പെൺകുട്ടിയാണ്. അവളുടെ നിഷ്കളങ്കതതന്നെയാണ് സിനിമയുടെ മെൽറ്റിങ് പോയന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.