സഹോദരനെ ഭീഷണിപ്പെടുത്തിയതിന് പ്രതികാരമായി, ജീവനുള്ള പിരാനകളെ പൂളിലേക്ക് വലിച്ചെറിഞ്ഞതിന് വെനസ്ഡേയെ സ്കൂളിൽനിന്ന് പുറത്താക്കുന്നു. തുടർന്ന് ആഡംസ് കുടുംബത്തിലെ വെനസ്ഡേ ആഡംസിന് മാതാപിതാക്കളുടെ നിർബന്ധംമൂലം അമാനുഷിക വിദ്യാർഥികൾ പഠിക്കുന്ന നെവർമോർ അക്കാദമിയിൽ ചേരേണ്ടിവരുന്നു. അത് പുറത്താക്കപ്പെട്ടവർക്കുള്ള സ്കൂളാണ്. അവിടെ അവളെ കാത്തിരിക്കുന്നത് ഭയാനകമായ സംഭവങ്ങളായിരുന്നു. പട്ടണത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു കൊലയാളി. അതീന്ദ്രിയശക്തിയും, അന്വേഷണബുദ്ധിയും കൊണ്ട് വെനസ്ഡേ ആ മോൺസ്റ്ററിനെതിരെ കളത്തിലിറങ്ങുന്നു. ആ നിഗൂഢതക്കൊപ്പം പതിറ്റാണ്ടുകൾക്കപ്പുറം നെവർമോറിൽ നടന്ന, ഒരു ഗോഥിക്ക് കൊലപാതക രഹസ്യംകൂടി ചുരുളഴിയപ്പെടുന്നു. ‘വെനസ്ഡേ’ എന്ന നെറ്റ്ഫ്ലിക്സ് വെബ് സീരീസ് ഏറെ ആരാധകരെയാണ് സൃഷ്ടിച്ചത്.
വെനസ്ഡേയെ അറിയുന്നതിനുമുമ്പ് ആഡംസ് ഫാമിലിയെ കുറിച്ചറിയണം. ചാൾസ് ആഡംസിന്റെ ന്യൂയോർക്കർ കാർട്ടൂണുകളെ അടിസ്ഥാനമാക്കിയുള്ള അമേരിക്കൻ ഗോഥിക് സിറ്റ്കോമാണ് ആഡംസ് ഫാമിലി. 30 മിനിറ്റ് ദൈർഘ്യമുള്ള, ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ആഡംസ് ഫാമിലി എബിസിയിൽ 1964 സെപ്റ്റംബർ 18 മുതൽ 1966 ഏപ്രിൽ 8 വരെ ആകെ 64 എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്തു. ആഡംസ് ഫാമിലിയുടെ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിന്റെയൊക്കെ സ്പിന്നോഫായി വന്ന ചിത്രമാണ് വെനസ്ഡേ.
ഈ സീരീസിലെ നെവർമോർ സ്കൂളും കഥാ പരിസരങ്ങളും ഹാരിപോട്ടറിലെ ഹോഗ്വാട്സുമായി സാമ്യതകൾ തോന്നാം. വെനസ്ഡേയായ ജെന്ന ഓർടേഗയുടെ പ്രകടനമാണ് സീരീസിനെ അവസാനം വരെ പിടിച്ചുനിർത്തുന്നത്. ടീനേജ് ഡ്രാമയും ഫാന്റസിയും വയലൻസും മിക്സ് ആയിട്ടുള്ള ഈ സീരീസ് ഇൻവെസ്റ്റിഗേഷൻ മോഡിലൂടെയാണ് വികസിക്കുന്നത്. ഡാർക്ക് ഹൊറർ കോമഡിയിൽ പൊതുവായി ഉപയോഗിക്കുന്ന ബ്ലാക്ക്, ബ്ലൂ, റെഡ് കളർ കോമ്പിനേഷൻ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.
ടിം ബർട്ടൺ സംവിധാനം ചെയ്ത എട്ട് എപ്പിസോഡുള്ള ഈ സീരിസ് ഡാർക്ക് ടോണിലാണ് ക്രമീകരിച്ചിരിക്കുന്നത്. റൊമേനിയയിൽ ചിത്രീകരിച്ച വെനസ്ഡേ റിലീസ് ചെയ്ത് മൂന്ന് ആഴ്ചകൾക്കുള്ളിൽ, ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷാ നെറ്റ്ഫ്ലിക്സ് പരമ്പരയായി മാറി. രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ, നാല് പ്രൈംടൈം എമ്മി അവാർഡുകൾ, മികച്ച ഹൊറർ കോമഡി, മികച്ച നായിക എന്നിവക്കുള്ള അവാർഡും വെനസ്ഡേ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.