ഹിമാലയത്തിലെ വിദൂരവും ചെങ്കുത്തായതുമായ പർവതനിരകളിൽ ഒരു നിശ്ശബ്ദ കൊലയാളി അലഞ്ഞുനടക്കുന്നുണ്ട് - അപൂർവമായി മാത്രമേ അവൻ പ്രത്യക്ഷപ്പെടുന്നുള്ളൂ. ലോകത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും കണ്ടെത്താൻ പ്രയാസമായതുമായ ഹിമപുള്ളിപ്പുലി എന്ന സ്നോലെപ്പേഡ്. ഇതുവരെ, ഇവയെക്കുറിച്ചുള്ള മിക്ക സർവേകളും നേരിൽ കണ്ടവയായിരുന്നില്ല.
അപൂർവമായി കാമറ ട്രാപ്പിൽ പതിഞ്ഞ ചിത്രങ്ങളുടെ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇവരുടെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഹിമപ്പുലികളുടെ കണക്കെടുപ്പ് ഹിമാലയം പോലുള്ള പർവതപ്രദേശങ്ങളിൽ ഒരു വെല്ലുവെളി തന്നെയാണ്. എന്നാൽ സമീപകാല പഠനം അത് മാറ്റുകയാണ്. കൃത്യമായ ആസൂത്രണത്തോടെയും പുതിയ കണ്ടെത്തൽ രീതികൾ അവലംബിച്ചതിനാലും പഴയ ഊഹക്കണക്കുകളെ തള്ളുന്നതായിരുന്നു പഠനങ്ങൾ. സമീപകാല കണക്കെടുപ്പുകളിൽ ഏറ്റവും ഉയർന്ന എണ്ണമാണ് കണ്ടെത്തിയിട്ടുള്ളത്.
59,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹിമാലയം മുതൽ ലഡാക്ക് വരെയുള്ള ചെങ്കുത്തായ പർവതപ്രദേശങ്ങളിൽ, ഇന്ത്യയിലെ ഹിമപ്പുലിയുടെ ആകെ എണ്ണം 477 എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം ഹിമപ്പുലികളുടെ 68ശതമാനം വരുമിത്. ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വിപുലവും ആഴത്തിലുള്ളതുമായ ഹിമപ്പുലി സർവേയായിരുന്നു ഇത്തവണത്തേത്.
25 വർഷമായി നടത്തപ്പെടുന്നതും ഹിമപ്പുലികളുള്ള പ്രദേശങ്ങളിലുള്ളവരുടെ വിലയിരുത്തലുകളിൽ നിന്നുള്ള പാഠങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തിയത്. ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശ്രമകരവുമായ ഒന്നായിരുന്നു ഇത്. സർവേക്ക് നേതൃത്വം വഹിച്ച ലഡാക്ക് കേന്ദ്രമായ ലേയിലെ വന്യജീവി സംരക്ഷണ വകുപ്പ് മേധാവി പങ്കജ് റെയ്‌ന പറയുന്നു, വേട്ടയാടൽ കുറവായ ഹിമാലയൻ പ്രദേശങ്ങളിൽ അഹിംസയെ പ്രോൽസാഹിപ്പിക്കുന്ന ബുദ്ധമത സന്ന്യാസികളുടെ മൊണാസ്ട്രികളുടെ സാന്നിധ്യം ഹിമപ്പുലികളുടെ എണ്ണം വർധിക്കാൻ എടുത്തുപറയേണ്ട ഒന്നാണ്.
രാജ്യത്തെ ഏറ്റവും വലിയ ഹിമപ്പുലി ആവാസവ്യവസ്ഥ ലഡാക്കിലാണ്. തിരിച്ചറിയാനാവാത്ത വിധം ഭൂഭാഗങ്ങളുടെ നിറങ്ങളോട് ചേർന്ന രോമങ്ങളുള്ള ഹിമപ്പുലികളുടെ വാസസ്ഥലങ്ങൾ എവിടെയാണെന്ന് മനസ്സിലാക്കാനും അവയുടെ എണ്ണം കണക്കാക്കാനും ഗവേഷകർ "ഡബിൾ-സാമ്പ്ളിങ്" രീതിയാണ് ഉപയോഗിച്ചത്. ലഡാക്കിലെ ഹെമിസ് നാഷനൽ പാർക്ക് അടങ്ങുന്ന പർവത പ്രദേശങ്ങളിലാണ് ഹിമപ്പുലികളുടെ സാന്നിധ്യം കൂടുതലുള്ളത്.
പ്രദേശത്ത് 6,000 കിലോമീറ്ററിലധികം നടന്നും കാൽപാടുകൾ, പാറകളിൽ മാന്തിയ പാടുകൾ തുടങ്ങിയ അടയാളങ്ങൾ രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ, ഉയർന്ന, പ്രദേശങ്ങളിലായി 956 കാമറ ട്രാപ്പുകൾ സ്ഥാപിച്ച് 26,000-ത്തിലധികം ഹിമപ്പുലികളുടെ ചിത്രങ്ങൾ പകർത്തി. നെറ്റിയിലെ പുള്ളികളിലെ ആകൃതിയിലെയും വലുപ്പത്തിലെയും വ്യത്യാസം കണക്കാക്കിയാണ് ഓരോ ഹിമപ്പുലിയെയും തിരിച്ചറിഞ്ഞതെന്ന് ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) സീനിയർ ശാസ്ത്രജ്ഞനും നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് ആൻഡ് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ യാദവേന്ദ്രദേവ് ഝാല പറയുന്നു.
വളരുന്ന ടൂറിസം, റോഡ്, അണക്കെട്ട് നിർമാണം, ആവാസവ്യവസ്ഥയുടെ നഷ്ടം, സസ്യജാലങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഹിമപ്പുലികളുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
സൈനിക ക്യാമ്പുകൾക്കും പട്ടണങ്ങൾക്കും സമീപത്തെ മാലിന്യക്കൂമ്പാരങ്ങൾ ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ വർധന ഹിമപ്പുലികൾക്ക് ഭീഷണിയാണ്. ഇവയുടെ വർധന നിയന്ത്രിക്കേണ്ടത് അനിവാര്യതയുമാണ്. ലോകത്തിലെ തന്നെ ഫോേട്ടാഗ്രാഫർമാരുടെ കാമറക്ക് മുന്നിൽ പെടാതെ ഹിമഗിരിശൃംഗങ്ങളിൽ വിഹരിക്കുകയാണ് "ദി ഗോസ്റ്റ് ഓഫ് മൗണ്ടൻസ്" എന്ന ഹിമപുള്ളിപ്പുലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.