കർക്കടകത്തിൽ പെയ്യുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ് ആയുർവേദം നിർദേശിക്കുന്നത്. ശരീരബലമില്ലാത്തവർക്ക് പ്രതിരോധശേഷിയും ബലമുള്ളവർക്ക് അത് നിലനിർത്താനുമുള്ള വഴികൾ ലളിതമായി വീട്ടിൽ തന്നെ തയാറാക്കാം. ഋതുഭേദങ്ങൾക്ക് അനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങളിലും വ്യത്യസ്തയുണ്ട്.
രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതിന് പുറമെ ശരീരബലം, വർണം, പുഷ്ടി ഇവയും ഇത്തരം ആഹാര ഔഷധ സംസ്കാരത്തിലൂടെ നമുക്ക് നേടാനാകും. ആഹാരം തന്നെ ഔഷധമാക്കി കർക്കടകത്തിൽ ദേഹരക്ഷക്കായി പ്രയോജനപ്പെടുത്താം. സൂപ്പുകൾ, ഔഷധക്കഞ്ഞികൾ എന്നീ കർക്കിടകത്തിൽ ഏറെ അനുയോജ്യമാണ്.
ശരീരം ക്ഷീണിക്കൽ, അസ്ഥിക്ഷയം ഇവ പരിഹരിക്കാൻ ആട്ടിൻ സൂപ്പ് ഗുണകരമാണ്. മഴക്കാലത്ത് മാസത്തിൽ മൂന്നു തവണ ഉപയോഗിക്കാം. അമിതരക്ത സമ്മർദം, അമിത കൊളസ്ട്രോൾ ഇവയുള്ളവർ ഉപയോഗം പരിമിതപ്പെടുത്തണം.
വട്ടക്കുറുന്തോട്ടി, കരിങ്കുറുഞ്ഞി, പുത്തരിച്ചുണ്ട ഇവയുടെ വേരിൻമേൽത്തൊലി, ദേവതാരം, ചുവന്നരത്ത ഇവയുടെ നേർത്ത കഷായത്തിൽ ആട്ടിൻ മാംസവും ചേർത്ത് ചെറുതീയിൽ പാകപ്പെടുത്താം. ഇതിൽ ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഉപ്പും കുരുമുളകും ചേർത്ത് ഉപയോഗിക്കണം.
ദഹനശക്തിയെ വർധിപ്പിക്കുന്ന സൂപ്പുകളിൽ പ്രധാനമാണ് ചെറുപയർ സൂപ്പ്. മഴക്കാലത്ത് നിത്യവും കഴിക്കാം. എല്ലാക്കാലങ്ങളിലും ചെറുപയർ സൂപ്പ് ഉപയോഗിക്കാം.
60 ഗ്രാം ചെറുപയർ ഒരു ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് അരിച്ചെടുത്തതിൽ ഇന്തുപ്പ്, മല്ലി, ചുക്ക് ഇവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേർത്ത് കുറച്ച് മാതള നാരങ്ങനീരും ചേർത്ത് കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ച് ഉപയോഗിക്കുക.
ചോറിനേക്കാൾ എളുപ്പം ദഹിക്കുന്ന വിഭവമായ കഞ്ഞിക്ക് കേരളീയ ഭക്ഷണക്രമത്തിൽ പണ്ട് മുതലേ പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. വറ്റ് കുറഞ്ഞ് വെള്ളം കൂടിയ ‘പേയ’ എന്നറിയപ്പെടുന്ന കഞ്ഞിയാണ് ദഹിക്കാൻ കൂടുതലെളുപ്പം. കഞ്ഞി, മരുന്ന് കൂടിചേർത്തുവെക്കുമ്പോൾ ആഹാരം ഔൗഷധമായി മാറുന്നു.
നവരയരിയോ ഉണക്കലരിയോ വെള്ളത്തിലിടുക. ഒപ്പം കരിപ്പെട്ടി ജീരകം, ചുക്ക്, ഉലുവ ഇവ പൊടിച്ച് ചേർക്കുക. എള്ള് കൂടി ചേർത്ത് കഞ്ഞി വേവിക്കുക. വെന്ത് കഴിഞ്ഞാൽ തേങ്ങാപ്പാലും ഉപ്പും ചേർത്ത് കഴിക്കുക.
നവരയരി -100 ഗ്രാം (തലേന്ന് കുതിർത്തത്)
ഉലുവ - 50 ഗ്രാം (തലേന്ന് കുതിർത്തത്)
തലേന്ന് കുതിർത്ത ഉലുവ, നവരയരി എന്നിവ ചേർത്ത് വേവിക്കുക. ശേഷം നാളികേരവും ശർക്കരയും ചേർത്ത് കഴിക്കുക.
100 ഗ്രാം നുറുക്ക് ഗോതമ്പിൽ 10 ഗ്രാം ഉലുവയും 5 ഗ്രാം വീതം പെരുംജീരകം, ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി ഇവയും ചതച്ചിട്ട് കഞ്ഞി കഴിക്കുന്നത് പ്രമേഹരോഗിയുടെ ക്ഷീണമകറ്റി ബലമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.