അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച.130 വർഷത്തിലേറെ പഴക്കമുള്ള ബഹ്റൈൻ-യു.എസ് തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത കിരീടാവകാശി എടുത്തുപറഞ്ഞു.
സമീപകാല സന്ദർശനങ്ങളെയും ഉഭയകക്ഷി കരാറുകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ പങ്കാളിത്തം. അമേരിക്കയും യു.കെയുമായുള്ള സമഗ്ര സുരക്ഷ ഏകീകരണസമൃദ്ധികരാർ പ്രാദേശികസുരക്ഷ ഏകീകരണം വളർത്തുന്നതിനും ബാഹ്യ ഭീഷണികൾക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും മിഡിൽ ഈസ്റ്റിൽ സമാധാനത്തെയും സമൃദ്ധിയെയും പിന്തുണച്ച് സമാനചിന്താഗതിക്കാരായ രാജ്യങ്ങളുമായി വാണിജ്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് കിരീടാവകാശി വിശേഷിപ്പിച്ചു. സന്ദർശനവേളയിൽ പ്രഖ്യാപിച്ച, വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 17 ബില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപ പാക്കേജ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തെയും ശക്തമായ ബന്ധത്തെയും പ്രതിഫലിക്കുന്നെന്നും ഇത് തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമെന്നും കിരീടാവകാശി ഉറപ്പിച്ചുപറഞ്ഞു.
ഇരുപക്ഷവും പരസ്പരതാൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും സമീപകാല പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. പ്രാദേശികസുരക്ഷയും സ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിനായി കൂടുതൽ അടുത്ത് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ ആവർത്തിച്ചുറപ്പിച്ചു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രി ഹിസ് ഹൈനസ് ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.