ചിലർക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മറ്റുചിലർക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ. സത്യത്തിൽ ഇതാണോ നമ്മുടെ കേരളജനതയുടെ സംസ്കാരം അല്ല എന്നുതന്നെയാണ് ഉത്തരം. നിമിഷപ്രിയയിലൂടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഭരണവിഭാഗവും രാഷ്ട്രീയനേതൃത്വവും അതിൽ ഇടപെടുന്നതിലെ പരിമിതികൾ കൊണ്ട് പിന്മാറേണ്ടി വന്നപ്പോൾ, അവിടെ ആത്മീയ ബന്ധം ഉപയോഗിച്ച് കേരളത്തിലെ ഒരു മതപണ്ഡിതൻ താൽക്കാലികമായി എങ്കിലും നിമിഷയുടെ വധശിക്ഷ മാറ്റിവെക്കാൻ വേണ്ടി ഇടപെട്ട് സാധിപ്പിച്ചപ്പോൾ അതിൽ നാം ഓരോരുത്തരും അഭിമാനിക്കുകയല്ലേ വേണ്ടത്.
നിമിഷപ്രിയയുടെ തെറ്റിനെ ഒരിക്കലും കാന്തപുരം ഉസ്താദ് ന്യായീകരിക്കാനോ ചെറുതാക്കി കാണിക്കാനോ ശ്രമിച്ചിട്ടില്ല. ശരിയത്ത് നിയമപ്രകാരത്തിലെ ഒരുനിയമം വെച്ച് വധശിക്ഷക്ക് വിധിച്ചപ്പോൾ അതേനിയമത്തിലെ മറ്റൊരു ഭാഗം ഉപയോഗിച്ച് വധശിക്ഷയിൽനിന്ന് മോചനം നൽകാൻ വേണ്ടിയുള്ള ശ്രമം മാത്രമാണ് ഉസ്താദ് നടത്തിയിരിക്കുന്നത്. ഇതിൽ ഒരുവിഭാഗത്തിന് നിമിഷപ്രിയയെ രക്ഷിച്ചുകൊണ്ടുവരാൻ ആഗ്രഹമുണ്ട്. എന്നാൽ അതിൽ ഇടപെട്ടത് ഒരു മുസ്ലിം മതപണ്ഡിതനായിപ്പോയി എന്ന കാരണത്താൽ അമർഷവും കാണിക്കുകയാണ്. മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാൽ കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയാണ് ഇക്കൂട്ടർക്ക്. എന്നാലും അടക്കിപ്പിടിച്ച മനസ്സിന്റെ വേവലാതികൾ സോഷ്യൽ മീഡിയയിൽ വികലമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ് അവർ.
അമ്മയെ കൊന്നാൽ രണ്ടുണ്ട് പക്ഷം എന്നുപറയുന്നതുപോലെ നമ്മുടെ നാട്ടിലെ ഒരു വിഷയത്തിലെ യോജിപ്പും വിയോജിപ്പും പ്രകടമാകുന്ന കാഴ്ചയാണുള്ളത്. മറ്റൊരു രാജ്യത്തെ നിയമവ്യവസ്ഥയിൽ വിധി പ്രഖ്യാപിച്ച കാര്യത്തിൽ ഇടപെടാൻ കഴിയുന്ന വ്യക്തിത്വങ്ങൾ നമ്മുടെ സമൂഹത്തിൽനിന്ന് ഉയർന്നുവരുന്നത് എത്ര ആശ്വാസകരമാണ്.
അല്ലാതെ പരസ്പരം പഴിചാരിയും കുറ്റം പറഞ്ഞും ചളിവാരി എറിഞ്ഞും ചാനലുകളിൽ അന്തിച്ചർച്ചക്ക് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കരുത്. വിദ്യാസമ്പന്നരായ മലയാളിസമൂഹത്തിന്റെ ചുമരുകൾക്കപ്പുറത്തെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകടമാക്കിക്കൊണ്ടിരിക്കുമ്പോൾ നാമിന്ന് എവിടെ എത്തിയിരിക്കുന്നു എന്നുള്ളത് തിരിച്ചറിയേണ്ടതാണ്. സത്യത്തിൽ ഇതാണോ നമ്മുടെ കേരളത്തിന്റെ സംസ്കാരം. അല്ല, ഇത് ചിലർക്ക് വേണ്ടി പ്രകടിപ്പിക്കുന്നത് മാത്രമാണ്. നാം നാമായി ഒന്ന് ചിന്തിച്ചുനോക്കൂ, സാമൂഹികമായി ചിന്തിച്ചുനോക്കൂ, അപ്പോൾ കാണാം യഥാർഥ കേരളത്തിന്റെ സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.