മനാമ: പൊതുയിടങ്ങളിൽ വർധിച്ചുവരുന്ന പുകവലിപ്രവണതയെ ചെറുത്ത് ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ പൊതു പാർക്കുകൾ, നടപ്പാതകൾ, പൂന്തോട്ടങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പുകവലി നിരോധിക്കാനുള്ള നിർദേശവുമായി കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തറാദ.
2009ൽ പുറപ്പെടുവിച്ച പുകവലിവിരുദ്ധ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാത്ത ഈ സ്ഥലങ്ങൾ കൂടി ആ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണമെന്നാണ് നിർദേശം. പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിനും ശൂറാ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹിനും നിർദേശം കൈമാറി. എല്ലാ പൊതുസ്ഥലങ്ങളും ഔദ്യോഗികമായി ഈ നിയമത്തിൽ ഉൾപ്പെടുത്തുന്നതിനായി ഭേദഗതി വരുത്തുന്നതിന് അടിയന്തര പിന്തുണ നൽകണമെന്നും തറാദ ആവശ്യപ്പെട്ടു.
പൊതു പാർക്കുകളും ബീച്ചുകളും കുടുംബങ്ങൾക്കും കുട്ടികൾക്കും ശുദ്ധവായു ആസ്വദിക്കാനും കായികവിനോദങ്ങളിലേർപ്പെടാനുമുള്ള ഇടങ്ങളാണ്. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ പുകവലി കാരണം സന്ദർശകർ ബുദ്ധിമുട്ടുകയും അതവരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പൊതുഇടങ്ങളുടെ രസങ്ങളെ പുകവലി ഇല്ലാതാക്കുകയാണ്.
നിലവിൽ, പുകവലിവിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം, പൊതു പാർക്കുകൾ, സ്പോർട്സ് ക്ലബുകൾ, പൂന്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പുകയില കഫേകൾ തുറക്കുന്നതിന് നിരോധനമുണ്ട്. 18 വയസ്സിന് താഴെയുള്ളവർ പുകവലിക്ക് നിയുക്തമാക്കിയ സ്ഥലങ്ങളാണെങ്കിൽപോലും പ്രവേശിക്കുന്നതും നിയമം വിലക്കുന്നു. എന്നാൽ ഇത്തരം തുറന്ന പ്രദേശങ്ങളിൽ പുകവലി നിരോധിച്ച് വ്യക്തമായ നിയമം നിലവിലില്ല. ഇത് മുതലെടുത്താണ് പലരും ഇത്തരം സ്ഥലങ്ങളിൽ പുകവലിക്കുന്നതെന്ന് തറാദ് പറഞ്ഞു.
പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധം, ദേശീയസുരക്ഷസമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് നിർദേശത്തെ പിന്തുണച്ചു. ഇത് ബഹ്റൈന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകളുമായി യോജിക്കുന്നതും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതുമായ ഒരു ആവശ്യമായ പൊതുജനാരോഗ്യ നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
നിയമനിർമാതാക്കൾ എന്ന നിലയിൽ, ആരോഗ്യകരമായ ജീവിതശൈലിക്ക് പിന്തുണ നൽകുന്ന നിയമപരമായ ഉപകരണങ്ങൾ നൽകേണ്ടത് നമ്മുടെ കടമയാണെന്നും ബുഖമ്മാസ് കൂട്ടിച്ചേർത്തു. തങ്ങൾ നിർദേശം വിശദമായി പഠിക്കുകയും പൊതുതാൽപര്യം പ്രതിഫലിക്കുന്ന ഭേദഗതികൾക്കായി പ്രേരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിർദേശം ഔദ്യോഗികമായി ഒക്ടോബറിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.