സയ്യിദ് അലി ബാഫഖി തങ്ങൾ
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ.സി.എഫ് ഇന്റർനാഷനൽ അവാർഡ്. ആറ് പതിറ്റാണ്ടായി കേരളീയ മതസാമൂഹികരംഗങ്ങളിൽ നിസ്തുല സേവനവും വിദ്യാഭ്യാസ ജീവകാരുണ്യമേഖലയിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാർഡ്. ശനിയാഴ്ച കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്റർനാഷനൽ മുഅല്ലിം കോൺഫറൻസിൽ അവാർഡ് സമ്മാനിക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെത്തിയ ബാഫഖി കുടുംബത്തിലെ ഏറ്റവും മുതിർന്ന നേതാവാണ് സയ്യിദ് അലി ബാഫഖി തങ്ങൾ. യമനിലെ തരീമില്നിന്ന് ബാഫഖി കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തിലെത്തിയത്. അന്ന് മുതൽ കേരളീയ മുസ്ലിം സമൂഹത്തിന്റെ നേതൃപദവിയിൽ ബാഫഖി കുടുംബമുണ്ട്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ, മർകസ് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം മദ്റസ വിദ്യാഭ്യാസപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും മദ്റസാധ്യാപകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി മുൻനിരയിലുണ്ട്.
മദ്റസ വിദ്യാഭ്യാസ പ്രവർത്തന രംഗത്തെ നിസ്തുല സേവനങ്ങൾക്ക് വി.പി.എം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫൽ ഫൈസി, എ.കെ. അബ്ദുൽ ഹമീദ് സാഹിബ് എന്നിവരെയും ആദരിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.പി. സൈതലവി ചെങ്ങര, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, നിസാർ സഖാഫി, സുലൈമാൻ സഖാഫി കുഞ്ഞുകുളം തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.