ദോഫാറിലെ മ്യൂസിയം സന്ദർശിക്കുന്ന സഞ്ചാരികൾ
സലാല: ദോഫാർ ഗവർണറേറ്റിലെ മ്യൂസിയങ്ങളും പുരാവസ്തുസ്ഥലങ്ങളും ഖരീഫ് സീസണിൽ സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ അടിസ്ഥാനകേന്ദ്രമായി മാറുന്നു. ഒമാനിൽനിന്നും പുറത്തുനിന്നുമുള്ള സന്ദർശകരെ ഇവ ആകർഷിക്കുന്നുണ്ട്. ഗവർണറേറ്റിൽ സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് ഖരീഫ് ദോഫാർ സീസൺ എന്ന് പൈതൃക, ടൂറിസം മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരും പുരാവസ്തുസ്ഥലങ്ങളിലെ നിക്ഷേപകരും ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
അറേബ്യൻ ഉപദ്വീപിന്റെ തെക്കുകിഴക്കൻ തീരത്ത് അഭിവൃദ്ധി പ്രാപിച്ച പുരാതന തുറമുഖനഗരങ്ങളുടെ സവിശേഷമാതൃകയാണ് സംഹാര, അൽ ബലീദ് എന്നീ പുരാവസ്തുനഗരങ്ങൾ പ്രതിനിധീകരിക്കുന്നതെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ ഡയറക്ടർ അലി സലിം അൽ കാതിരിരി പറഞ്ഞു.
സമുദ്രവ്യാപാര ശൃംഖലയിൽ, പ്രത്യേകിച്ച് കുന്തിരിക്ക വ്യാപാരത്തിൽ ഈ നഗരങ്ങൾ നിർണായക പങ്ക് വഹിച്ചു. ഈ രണ്ട് സ്ഥലങ്ങളിലെയും ചരിത്ര സ്രോതസ്സുകളും ഉത്ഖനന ഫലങ്ങളും ഒന്നിലധികം നാഗരികതകളുടെ തുടർച്ച വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തെക്കൻ ഒമാന്റെ സമ്പന്നമായ നാഗരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് സ്ഥലങ്ങളും 2000 മുതൽ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ ഖരീഫ് സീസണിൽ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളിലേക്കും മ്യൂസിയം ഓഫ് ഫ്രാങ്കിൻസെൻസ് ലാൻഡിലേക്കും 54,569 സന്ദർശകരായിരുന്നു എത്തിയിരുന്നതെന്ന് അൽ കാതിരിരി അഭിപ്രായപ്പെട്ടു. പൊതു, സ്വകാര്യമേഖല പങ്കാളികളുമായി സഹകരിച്ച് പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ പ്രവർത്തനങ്ങൾ കാരണം നിലവിലെ സീസണിൽ ഈ എണ്ണത്തിൽ വർധനയാണ് പ്രതീക്ഷിക്കുന്നത്.
മ്യൂസിയത്തിൽനിന്നുള്ള കാഴ്ച
പതിവ് ഫീൽഡ് സർവേകൾ, പ്രത്യേക ശാസ്ത്രസ്ഥാപനങ്ങൾ നടത്തുന്ന ഗവേഷണ പഠനങ്ങൾ, പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന ദേശീയ ‘തജാവൂബ്’ പ്ലാറ്റ്ഫോം എന്നിവയിലൂടെയാണ് സന്ദർശക അനുഭവം വിലയിരുത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ സൈറ്റുകളുമായുള്ള കമ്യൂണിറ്റി ഇടപെടൽ വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആദ്യ വാസസ്ഥലങ്ങൾ മുതൽ ഒമാനി ജനതയുടെ ചരിത്രത്തിലേക്കുള്ള ഒരു ജാലകമായി മ്യൂസിയം പ്രവർത്തിക്കുന്നെന്ന് ദോഫാർ മ്യൂസിയത്തിന്റെ ബോർഡ് അംഗമായ ഹാരിത്ത് മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു. സലാലയുടെ പഴയ ക്വാർട്ടറിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം പൈതൃക രൂപകൽപനയും ഉള്ളടക്കവും കൊണ്ട് വ്യത്യസ്തമാണ്. 1950കൾ മുതൽ മ്യൂസിയത്തിന്റെ സ്ഥാപകൻ ശേഖരിച്ച ആയിരത്തിലധികം പുരാവസ്തുക്കൾ ഇവിടെയുണ്ട്.
താഖാ വിലായത്തിലെ ‘തവാസുൽ അൽ അജ്യാൽ മ്യൂസിയം’ ടൂറിസം മന്ത്രാലയം ലൈസൻസ് ചെയ്ത ആദ്യത്തെ സ്വകാര്യ മ്യൂസിയമാണെന്ന് ഉടമയായ സലിം അഹമ്മദ് അൽ അമ്രി പറഞ്ഞു. മുൻതലമുറകളിൽനിന്ന് ആധികാരിക ഒമാനി പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പരേതയായ അമ്മ തുഫൂൾ റമദാൻ ബാമുഖലീഫിന്റെ സ്വപ്നത്തിൽ നിന്നാണ് മ്യൂസിയം എന്ന ആശയം പിറന്നതെന്നും 2023 ഫെബ്രുവരിയിൽ താഖയിലെ പഴയ ക്വാർട്ടറിലെ കുടുംബവീട്ടിനുള്ളിൽ മ്യൂസിയം തുറന്നതോടെ അത് യാഥാർഥ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.