മസ്കത്ത്: ഖരീഫ് കാലത്ത് ദോഫാറിന്റെ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിൽ വിഷപാമ്പുകൾ വരാൻ സധ്യതയുള്ളതിനാൽ താമസക്കാരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ.ഖരീഫ് പച്ചപ്പ് മാത്രമല്ല, പാമ്പുകളുടെ എണ്ണത്തിലും വർധനവ് കൊണ്ടുവരമെന്ന് നിസ്‍വ സർവകലാശാലയിലെ വന്യജീവി, പാമ്പ് വിദഗ്ധനായ അഹമ്മദ് അൽ ബുസൈദി മുന്നറിയിപ്പ് നൽകി. ഈർപ്പവും, ഇടതൂർന്ന പുല്ലും, പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുമെല്ലാം പാമ്പുകളെ ആകർഷിക്കാനും കടിക്കാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണെന്ന് അദേഹം പറഞ്ഞു. ദോഫാറിൽ നിരവധി വിഷ പാമ്പുകൾ കാണപ്പെടുന്നുണ്ട്. അവ പ്രകോപിപ്പിക്കപ്പെടുകയോ ആകസ്മികമായി ശല്യപ്പെടുത്തുകയോ ചെയ്താൽ ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ബുസൈദി വ്യക്തമാക്കി. ദോഫാറിലെ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന തിളങ്ങുന്ന കറുത്ത പാമ്പായ ഡെസേർട്ട് മൂർഖൻ (വാൾട്ടറിനേഷ്യ ഈജിപ്തിയ) ഇതിൽ ഉൾപ്പെടുന്നു. സ്വാഭാവികമായി ആക്രമണകാരിയല്ലെങ്കിലും, അതിന്റെ കടി നാഡീവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന ന്യൂറോടോക്സിക് വിഷം വഹിക്കുന്നു.
മറ്റൊരു അപകടകാരിയായ ഇനം ഖൊസാറ്റ്‌സ്‌കിയുടെ സോ-സ്‌കെയിൽഡ് വൈപ്പർ ആണ്. വേഗതയേറിയതും ആക്രമണാത്മകവുമായ പാമ്പാണിത്. ഭീഷണി നേരിടുമ്പോൾ, ഈ പാമ്പ് ഒരു പരുക്കൻ ശബ്ദം പുറപ്പെടുവിക്കുകയും രക്തത്തെ ബാധിക്കുന്ന ഒരു ഹെമോടോക്സിക് വിഷം പുറത്തുവിടുകയും ചെയ്യും. ഏറ്റവും അപകടകരമായ ഇനങ്ങളിൽപ്പെട്ട ഒന്നാണ് അറേബ്യൻ മൂർഖൻ പാമ്പ്. വളരെ പ്രതിരോധശേഷിയുള്ളതും ഖരീഫ് സമയത്ത് പർവതപ്രദേശങ്ങളിലുമാണ് ഇതിനെ കാണുന്നത്. അതിന്റെ വിഷം നാഡീ, ശ്വസനവ്യവസ്ഥകളെ ബാധിക്കും.വനപ്രദേശങ്ങളിലെ താഴ്‌വരകളിൽ ഇലകൾക്കടിയിൽ പതിയിരുക്കുന്ന ഒരു ഇനമാണ് പഫ് ആഡർ. കടിയേറ്റാൽ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ടിഷ്യു നാശത്തിന് കാരണമാകുന്ന ശക്തമായ സൈറ്റോടോക്സിക് വിഷം ഇത് പുറപ്പെടുവിക്കുന്നു.
മിക്ക പാമ്പുകളുടെയും കടിയേൽക്കുന്നതത് ആളുകൾ അറിയാതെ അവയുടെ അടുത്തേക്ക് വരികയോ പാമ്പിനെ ശല്യപ്പെടുത്തുകയോ ചെയ്യുമ്പോഴാണെന് ബുസൈദി പറഞ്ഞു.നിസ്‌വ സർവകലാശാലയിലെ വെനം റിസർച്ച് ലാബിൽ, തദ്ദേശീയ ഉരഗങ്ങളെ നന്നായി മനസ്സിലാക്കുന്നതിനൊപ്പം പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നതും പഠനങ്ങളുടെ ലക്ഷ്യമാണ്. ഈ ലാബ് ഒരു ശാസ്ത്ര കേന്ദ്രമായി മാത്രമല്ല, വിഷപ്പാമ്പുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ സിവിൽ ഡിഫൻസ് ടീമുകൾ, മുനിസിപ്പാലിറ്റി തൊഴിലാളികൾ, പരിസ്ഥിതി ജീവനക്കാർ എന്നിവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.