ജപ്പാനിലെ ഒസാക്കയിൽ സംഘടിപ്പിച്ച ‘2030 റിയാദ് വേൾഡ് എക്സ്പോ’ പ്രചാരണ പരിപാടി
റിയാദ്: ‘2030 റിയാദ് വേൾഡ് എക്സ്പോ’യുടെ പ്രചാരണ പരിപാടി ജപ്പാനിലെ ഒസാക്കയിൽ സംഘടിപ്പിച്ചു. എക്സ്പോ 2025 ഒസാക്കയുടെ ഭാഗമായി ജപ്പാനിലെ സൗദി എംബസിയുമായി സഹകരിച്ചാണ് റിയാദ് ആതിഥേയത്വം വഹിക്കുന്ന 2030ലെ വേൾഡ് എക്സ്പോയുടെ പ്രചാരണ പരിപാടി നടത്തിയത്. എക്സ്പോ 2030 ന്റെ സന്ദേശവും ഒരുക്കവും എടുത്തുകാണിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ 200 മുതിർന്ന നയതന്ത്ര വ്യക്തികളും മന്ത്രിമാരും ജനറൽ കമീഷണർമാരും പങ്കെടുത്തു.
ഇത്തരം ആഗോള പരിപാടികളെ പിന്തുണക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നയതന്ത്ര സഹകരണത്തിന്റെ പ്രാധാന്യം ജപ്പാനിലെ സൗദി അംബാസഡർ ഗാസി ബിൻ സഖർ പറഞ്ഞു. വേൾഡ് എക്സ്പോയുടെ അസാധാരണമായ ഒരു പതിപ്പ് സംഘടിപ്പിക്കാനുമുള്ള റിയാദിന്റെ സന്നദ്ധത എക്സ്പോ 2030 കമീഷണർ ജനറൽ അബ്ദുൽ അസീസ് അൽഗന്നാം എടുത്തുപറഞ്ഞു.
റിയാദിൽ പ്രദർശനം സംഘടിപ്പിക്കാനുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചെന്നും ഇത് ഒരു ദേശീയ മുൻഗണനയായി ഞങ്ങൾ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി സർക്കാറും ജനങ്ങളും ലോകത്തെ സ്വാഗതം ചെയ്യാൻ പൂർണമായും തയാറാണ്. വൈവിധ്യമാർന്ന കാഴ്ചപ്പാടുകളെയും ആശയങ്ങളെയും സ്വാഗതം ചെയ്യുന്ന ഒരു ആഗോള വേദിയാക്കി എക്സ്പോ 2030 നെ മാറ്റുന്നതിന് തുടക്കം മുതൽ തന്നെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അൽഗന്നാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.