റിയാദിലെ ചില്ല സർഗവേദിയുടെ ജൂലൈ വായനക്ക് സ്നിഗ്ദ വിപിൻ കുമാർ തുടക്കം കുറിക്കുന്നു
റിയാദ്: അഞ്ചു വ്യത്യസ്തത കൃതികളുടെ വായന പങ്കുവെച്ചുകൊണ്ട് ചില്ല ജൂലൈ മാസവായന നടന്നു. അമേരിക്കൻ എഴുത്തുകാരി ഹാർപ്പർ ലീ എഴുതിയ ‘ടു കിൽ എ മോക്കിങ് ബേർഡ്’ എന്ന ക്ലാസിക് കൃതിയുടെ വായനാനുഭവം പങ്കുവച്ച് സ്നിഗ്ദ വിപിൻ കുമാർ വായനക്ക് തുടക്കം കുറിച്ചു. അമേരിക്കയിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്തിലൂടെ സഞ്ചരിക്കുന്ന, വംശീയതക്കെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പ്രമേയം.
നസീഫ് കലയത്തിന്റെ ‘ഖദീജ’ എന്ന നോവൽ പറയുന്ന പ്രണയകഥ മൂസ കൊമ്പൻ വിവരിച്ചു. പലകാലങ്ങളിലായി രണ്ടു പ്രണയങ്ങളിൽ ജീവിക്കേണ്ടിവരുന്ന അബൂക്ക എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയുടെ കഥയാണ് നോവൽ. ആർ. രാജശ്രീ എഴുതിയ, തീവ്ര ഹിന്ദുത്വയുടെ പുതിയ കാലത്ത്, മഹാഭാരതത്തെ പുനർവായനക്ക് വിധേയമാക്കുന്ന ‘ആത്രേയകം’ വിപിൻ അവതരിപ്പിച്ചു. പൊതുബോധത്തിന് സുസ്വീകാര്യമായ ദ്വന്ദ്വങ്ങളിൽ ഒതുക്കാനാവാത്ത നിരമിത്രനിലൂടെ വളർന്ന്, തിരസ്കൃതരുടെ, അപമാനിക്കപ്പെടുന്നവരുടെ, മുറിവേറ്റവരുടെ നിരവധിയായ ജീവിതങ്ങളിലൂടെ പുസ്തകം സഞ്ചരിക്കുന്നു.
അധികാരം നിലനിർത്താൻ, കഥാകാലക്ഷേപ സംഘങ്ങൾ ഒരുക്കുന്ന കെട്ടുകഥകളും ഞെരിച്ചമർത്തുന്ന പ്രതിഷേധങ്ങളും പുരാണ കാലങ്ങൾക്കിപ്പുറത്തേക്കും പുസ്തകത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നുവെന്ന് വിപിൻ അഭിപ്രായപ്പെട്ടു.പ്രവാസി എഴുത്തുകാരുടെ ചെറുകഥകളുടെ സമാഹാരം ‘അക്കര കഥകൾ’ ജോമോൻ സ്റ്റീഫൻ അവതരിപ്പിച്ചു. പ്രവാസലോകത്ത് സർഗജീവിതവും പൊതുവിടങ്ങളിലെ സജീവ സാന്നിധ്യവുമായി ജീവിക്കുന്ന സ്ത്രീകളുടെ ആത്മസംഘർഷങ്ങളും വെല്ലുവിളികളും അവരുടെ ജീവിത സമയക്രമങ്ങളും വിഷയീഭവിക്കുന്ന ‘നിമിതയുടെ നിമിഷങ്ങൾ’ (ഷിനോയ് പുല്പാട്ട്), ഒരു സാധാരണ ഗൾഫ് പ്രവാസിയുടെ ജീവിതനൊമ്പരങ്ങളുടെ കഥ പറഞ്ഞ ‘തുണ്ട് പച്ച’ (ബെൻസി മോഹൻ), ദാമ്പത്യത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ പ്രകൃതിയുമായി എങ്ങനെ ഇഴചേരുന്നു എന്ന് പ്രതീകാത്മകമായി വിവക്ഷിക്കുന്ന ‘പ്രാണനേദ്യം’ (നജിം കൊച്ചുകലുങ്ക്) എന്നീ കഥകളുടെ വായന ജോമോൻ പങ്കുവെച്ചു.
കോവിഡ് ഭീതി പടർത്തിത്തുടങ്ങിയ കാലത്തുതന്നെ ആ രോഗം ബാധിച്ചു ക്വാറന്റീനിലായ കുഞ്ഞുമോൻ എന്ന പ്രവാസിയുടെ പാപബോധ വിചാരങ്ങളുമായി, ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞുള്ള യാത്രയുടെ കഥ പറയുന്ന ‘മിയ കുൽപ്പ’ എന്ന നോവലിന്റെ വായന നജിം കൊച്ചുകലുങ്ക് നടത്തി. റിയാദിൽ പ്രവാസിയായ ജോസഫ് അതിരുങ്കലിന്റെ ഈ നോവൽ ചർച്ച ചെയ്യുന്ന പാപം, പുണ്യം, പരലോകജീവിതം, 10 കൽപനകൾ, അന്ത്യ വിധിദിനം, ന്യായവിധി തുടങ്ങിയ വിശ്വാസപ്രമാണങ്ങളെ കുറിച്ചുള്ള ചിന്തകളും ഒപ്പം തന്നെ സമകാലിക സാമൂഹിക വിമർശനവും ഈ നോവലിൽ നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് നജിം അഭിപ്രായപ്പെട്ടു.
വായനക്കുശേഷം നടന്ന ചർച്ചയിൽ ബീന, സബീന എം. സാലി, ശശി കാട്ടൂർ, റഫീഖ് പന്നിയങ്കര, ഷിജു പോൾ, സതീഷ് വളവിൽ, ഷിഹാബ് തൊണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങൂന്ന റസൂൽ സലാമിനും സുലൈഖ സലാമിനും ചില്ലയുടെ ഉപഹാരമായി പുസ്തകങ്ങൾ സമ്മാനിച്ചു. റസൂൽ സലാമും സുലൈഖയും നന്ദി പറഞ്ഞു. സുരേഷ് ലാൽ മോഡറേറ്ററായിരുന്നു. ചർച്ചകൾ സമാഹരിച്ചുകൊണ്ടു നാസർ കാരക്കുന്ന് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.