ജുബൈലിൽ കുടുങ്ങിക്കിടക്കുന്ന ടാൻസാനിയൻ കപ്പൽ എം.ടി സ്ട്രാറ്റോസിലെ ജീവനക്കാർ
ജുബൈൽ: താൻസനിയൻ ചരക്കു കപ്പലായ ‘എം.ടി സ്ട്രാറ്റോസ്’ സൗദി അറേബ്യൻ തീരത്തെ ജുബൈൽ തുറമുഖത്തിന് സമീപം കുടുങ്ങിയിട്ട് ആറ് മാസം പിന്നിടുന്നു. ഇതിൽ കുടുങ്ങി ഇന്ത്യൻ, ഇറാഖി ജീവനക്കാരും. ഇറാഖിലെ ബസ്റ തുറമുഖത്തുനിന്ന് ദുബൈയിലേക്ക് ചരക്കുകയറ്റി പുറപ്പെട്ടതാണ് ഇറാഖി പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പൽ. ഈ വർഷം ജനുവരി ഒമ്പതിന് പേർഷ്യൻ ഉൾക്കടലിൽ സൗദി സമുദ്രാതിർത്തിയിലൂടെ കടന്നുപോകുമ്പോൾ മോശം കാലാവസ്ഥ കാരണം കരൻ ദ്വീപിൽ കപ്പൽ കുടുങ്ങുകയായിരുന്നു. ടാങ്കുകളിൽ ദ്വാരം ഉണ്ടാവുകയും പാറകൾക്കിടയിൽ പെടുകയുമായിരുന്നു.
ഇതിനിടെ സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുകയും ജീവനക്കാർ സാഹചര്യം വിശദീകരിക്കുകയും ചെയ്തു. കെട്ടിവലിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് നിരവധി തവണ ശ്രമിച്ചിട്ടും കുടുങ്ങിക്കിടക്കുന്ന ഭാഗത്തുനിന്ന് കപ്പലിനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെയും തുറമുഖ നിയന്ത്രണ വിഭാഗത്തിന്റെയും അനുമതിയോടെ കപ്പലിന്റെ ഭാരം കുറക്കാൻ കപ്പലിൽ ഉണ്ടായിരുന്ന ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി.നീണ്ട അഞ്ചു മാസത്തിനുശേഷം, ഇക്കഴിഞ്ഞ ജൂൺ 30ന് ‘എം.ടി സ്ട്രാറ്റോസ്’ ഉയർന്ന വേലിയേറ്റ സമയത്ത് വീണ്ടും കടലിലേക്ക് ഇറക്കി. പക്ഷെ കപ്പലിന്റെ ചില പ്രധാന യന്ത്രഭാഗങ്ങൾ കേടായതിനാൽ കപ്പൽ പൂർണമായും നിയന്ത്രണ വിധേയമായിരുന്നില്ല. ഇതുമൂലം സൗദി തീരസംരക്ഷണ സേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജുബൈൽ തുറമുഖത്തുനിന്ന് ആറു മൈൽ അകലെയായി നങ്കൂരമിടേണ്ടി വന്നു.നിലവിൽ ഒമ്പത് ഇന്ത്യൻ ക്രൂ അംഗങ്ങളും ഒരു ഇറാഖി ചീഫ് എൻജിനീയറും ഉൾപ്പെടെ 10 പേർ കപ്പലിൽ തന്നെ തുടരുകയാണ്.
നോയിഡ, പഞ്ചാബ്, ഉത്തർപ്രദേശ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ്, ഹരിയാന, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം ജീവനക്കാരും. ഇന്ത്യൻ പൗരന്മാരായ ആനന്ദ് രാജ്ദേവ് യാദവ് (ക്യാപ്റ്റൻ), പുഷ്പേന്ദ്ര, യശ്വന്ത് ചൗഹാൻ, മഞ്ജീത് കുമാർ, രാഹുൽ ദദ്വ, രാജേഷ് കുമാർ, പ്രശാന്ത് കുമാർ, എസ്.കെ. സമീം, റിടെക്, ഇറാഖി പൗരനായ നാദിം മേരി ജാഫർ എന്നിവരാണ് കപ്പലിലുള്ളത്. ആകെയുണ്ടായിരുന്ന 12 പേരിൽ ഒരാൾ കപ്പൽ നീക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റതിനാലും മറ്റൊരാൾ തോളിൽ ജെല്ലിഫിഷ് ആക്രമണം നേരിട്ടതിനാലും ഇതിനകം നാട്ടിലേക്ക് തിരിച്ച് പോയിരുന്നു.ഭക്ഷണവിതരണവും കെട്ടിവലിക്കുന്ന ബോട്ടിനും മറ്റു സേവനങ്ങൾക്കുമായി കപ്പലുടമ ഒരു പ്രാദേശിക ഏജന്റിനെ നിയോഗിച്ചിട്ടുണ്ട്.
കപ്പൽ ഗതാഗത നിയമം അനുസരിച്ച് കപ്പലിൽ എല്ലായിപ്പോഴും ആവശ്യത്തിനുള്ള ജോലിക്കാർ ഉണ്ടായിരിക്കണം. അതിനാൽ നിലവിലുള്ള തൊഴിലാളികൾ പുതിയ സംഘം എത്താനായി കാത്തിരിക്കുകയാണ്. എങ്കിലേ കപ്പലിന് യാത്ര തുടരാൻ കഴിയുകയുള്ളൂ. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സൗദി തീരസംരക്ഷണ സേന, ഇന്റർനാഷനൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ എന്നിവർ പ്രശ്നം പരിഹരിക്കുന്നതിനും കപ്പൽ ജീവനക്കാരുടെ മടക്കം സുഗമമാക്കുന്നതിനും സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യൻ എംബസി വളന്റിയറും പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറുമായ സലീം ആലപ്പുഴക്ക് കപ്പൽ ജീവനക്കാരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി അനുമതി നൽകിയിട്ടുണ്ട്.
പ്രാദേശിക ഏജൻറുമായും എംബസി ഉദ്യോഗസ്ഥനായ സരബ്ജിത് സിങ്ങുമായും കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഭൂരിഭാഗം കപ്പൽ ജോലിക്കാരുടെയും കരാർ കാലാവധി കഴിഞ്ഞതിനാൽ എത്രയും വേഗം നാട്ടിലേക്ക് പോകാൻ കാത്തിരിക്കുകയാണ്. ശമ്പള കുടിശ്ശികയും അനുമതിയും ലഭിച്ചയുടൻ കുടുംബത്തോടൊപ്പം ചേരാമെന്ന പ്രതീക്ഷയിലാണ് കപ്പൽ ജീവനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.