റിയാദിൽ സംഘടിപ്പിച്ച ഇന്ത്യൻ മാമ്പഴ പാചകോത്സവം അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: ഇന്ത്യൻ അഗ്രികൾചർ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ)യുമായി സഹകരിച്ച് റിയാദിലെ ഇന്ത്യൻ എംബസി മാമ്പഴ പാചകോത്സവം സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിനിലുള്ള ട്രെസർ മോഡേൺ ഇന്ത്യൻ റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ സെലിബ്രിറ്റി ഷെഫ് സഞ്ജയ് താക്കൂറിന്റെ നേതൃത്വത്തിലുള്ള അവാർഡ് ജേതാക്കളായ സംഘം വിവിധയിനം മാമ്പഴം കൊണ്ടുള്ള ഭക്ഷണവിഭവങ്ങൾ തയാറാക്കി.
രുചികരമായ ഇന്ത്യൻ മാമ്പഴങ്ങൾ ആഗോളതലത്തിൽ പ്രശസ്തമാണെന്നും ഇന്ത്യൻ, സൗദി അറേബ്യൻ ചേരുവകൾ ചേർത്തുള്ള പാചകം രുചികരമായ വിഭവങ്ങൾ സമ്മാനിക്കുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. ഇന്ത്യൻ മാമ്പഴയിനങ്ങളുടെ പ്രധാന ഇറക്കുമതി രാജ്യമാണ് സൗദി അറേബ്യയെന്നും ഇന്ത്യൻ കമ്പനികൾ മികച്ച ഇനങ്ങൾ എത്തിക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാംഗോ ബട്ടർ ചിക്കൻ, ഗോവൻ മാംഗോ ഫിഷ് കറി, മാംഗോ ലസ്സി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളായിരുന്നു പ്രധാനയിനങ്ങൾ. ഇരുരാജ്യങ്ങളിലേയും പാചക പാരമ്പര്യങ്ങളിലെ ഏറ്റവും മികച്ച വിഭവങ്ങൾ സംയോജിപ്പിച്ചായിരുന്നു പാചകം.
ഇതിൽ ഈത്തപ്പഴം, മദീന പുതിന, ഹസാവി നാരങ്ങ തുടങ്ങിയ സൗദി ചേരുവകൾ ചേർത്ത്, വ്യത്യസ്തമായ രുചികൾ നൽകുന്ന മാമ്പഴ വിഭവങ്ങളാണ് ഒരുങ്ങിയത്.‘സാലഡ് കോർണർ’ വിഭാഗത്തിൽ പോഷകസമൃദ്ധമായ തിനയും മാമ്പഴവും സംയോജിപ്പിച്ചുള്ള വിഭവമാണ് അവതരിപ്പിച്ചത്. 1200-ലധികം ഇനം മാമ്പഴങ്ങളാണ് ഇന്ത്യയിൽ വിളയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉൽപാദക രാജ്യമാണ് ഇന്ത്യ.
ആഗോളതലത്തിൽ ഇന്ത്യയുടെ ഉൽപാദനനിരക്ക് 45 ശതമാനമാണ്. ഇന്ത്യൻ മാമ്പഴങ്ങൾ രുചി, മധുരം, സുഗന്ധം എന്നിവക്ക് പേരുകേട്ടതാണ്. അൽഫോൻസോ മാമ്പഴം ഇന്ത്യയിൽനിന്നുള്ള മറ്റു ഇനങ്ങൾക്കൊപ്പം സൗദി വിപണിയിലും സുപരിചിതമാണ്. അശ്വിന, അരജൻമ, ബൃന്ദബാനി, അമ്രപാലി, ചൗസ, ദശെഹ്രി, ലാംഗ്ര, മല്ലിക തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ വിവിധ പ്രാദേശിക ഇനങ്ങളും ഫസ്ലി, റാറ്റൗൾ പോലുള്ള ജിഐ-ടാഗ് ചെയ്ത ഇനങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ എംബസിയും അപെഡയും ചേർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ മാമ്പഴോത്സവവും ഇതോടനുനുബന്ധിച്ച് സംഘടിപ്പിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ വിപണി സൗദിയിൽ വിപുലപ്പെടുത്തുന്നതിന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ റീട്ടെയിൽ കമ്പനികളുമായി നിരവധി വ്യാപാര യോഗങ്ങൾ അപെഡ പ്രതിനിധി സംഘം നടത്തി. തമീമി മാർക്കറ്റ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ഡാന്യൂബ് സൂപ്പർമാർക്കറ്റ്, അൽ ജസീറ മാർക്കറ്റ്, അൽ റായ ഹൈപ്പർമാർക്കറ്റ്, ഒതൈം, ഗ്രാൻഡ് ഹൈപ്പർ എന്നീ റീട്ടെയിൽ സ്ഥാപനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.