ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി
ജിദ്ദ: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ചാണ്ടി ഉമ്മൻ എം.എൽ.എ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ആറു പതിറ്റാണ്ടു കാലത്തോളം രാഷ്ട്രീയ നേതാവായും ഭരണകർത്താവായും പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിക്കപ്പെട്ട അതുല്യ നേതാവും ഭരണാധികാരിയുമായിരുന്നുവെന്നും ജനകീയത മുഖമുദ്രയാക്കിയ അദ്ദേഹം പൊതുപ്രവർത്തന രംഗത്തെ വിസ്മയമാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നിരാലംബർക്കും അശരണർക്കും താങ്ങും തണലുമായിരുന്ന ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് പ്രാപ്യനായ നേതാവും ഭരണാധികാരിയുമായിരുന്നു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വേട്ടയാടിയവരോടും കല്ലെറിഞ്ഞവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാനുള്ള ഉമ്മൻചാണ്ടിയുടെ ഹൃദയവിശാലത മറ്റു നേതാക്കളിൽ നിന്നും ഭരണാധികാരികളിൽ നിന്നും ഉമ്മൻ ചാണ്ടിയെ വ്യത്യസ്തനാക്കുന്നതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസികളോട് വലിപ്പച്ചെറുപ്പമില്ലാതെ ഹൃദയ ബന്ധമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി പ്രവാസികൾക്ക് ആശ്രയവും അഭയവുമായിരുന്നു. നിതാഖാത്ത് സമയത്ത് സൗജന്യ ടിക്കറ്റ് നൽകിയതുൾപ്പെടെ പ്രവാസികൾക്ക് ആശ്വാസകരമായ നടപടികളും വിവിധ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകളും നടത്തിയ ഉമ്മൻ ചാണ്ടിയുടെ വിയോഗം നാടിനും പ്രവാസലോകത്തിനും അപരിഹാര്യമായ നഷ്ടമാണുണ്ടാക്കിയത്. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നതിൽ ഉമ്മൻചാണ്ടിക്കുണ്ടായിരുന്ന അനിതരസാധാരണമായ രാഷ്ട്രീയ വൈഭവം യു.ഡി.എഫ് മുന്നണിക്ക് വലിയ കരുത്ത് നൽകിയതായും ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി.
ആക്ടിങ് പ്രസിഡന്റ് അസീസ് ലാക്കൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം സി.എം അഹമ്മദ് ആക്കോട്, സൗദി ദേശീയ കമ്മിറ്റി ട്രഷറർ യാസർ നായിഫ്, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ തുടങ്ങി വിവിധ റീജൻ, ജില്ല, നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും സെക്രട്ടറി ഗഫൂർ വണ്ടൂർ നന്ദിയും പറഞ്ഞു. ഫൈസൽ മക്കരപ്പറമ്പ്, യു.എം. ഹുസൈൻ മലപ്പുറം, ഉസ്മാൻ കുണ്ടുകാവിൽ, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, സി.പി മുജീബ് കാളികാവ്, കമാൽ കളപ്പാടൻ, അലവി ഹാജി, നൗഷാദ് ബഡ്ജറ്റ്, എം.ടി ഗഫൂർ, ഷിബു കാളികാവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.