പഞ്ചാര പഞ്ചിൽ ആറ് ലക്ഷം കടന്ന് ടാറ്റ മോട്ടോർസ്; കിതപ്പിലും കുതിച്ചുചാടി ഈ കുഞ്ഞൻ എസ്.യു.വി

ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോ ഭീമന്മാരായ ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ്.യു.വി സെഗ്‌മെന്റിൽ ഏറ്റവും വിൽപ്പനയുള്ള വാഹനമായി പഞ്ച് ഇതിനോടകം മാറി കഴിഞ്ഞു. വാഹനം പുറത്തിറങ്ങി നാലു വർഷത്തിന് ശേഷവും ആറ് ലക്ഷം യൂനിറ്റ് എന്ന റെക്കോഡ് നേട്ടത്തിലാണ് പഞ്ച് ഇപ്പോൾ എത്തി നിക്കുന്നത്. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ടാറ്റ മോട്ടോർസ് വിറ്റഴിക്കപ്പെട്ട വാഹനത്തിന്റെ 36 ശതമാനവും പഞ്ചിന്റെ വിവിധ വകഭേദങ്ങളാണെന്ന വസ്തുതയും വാഹനത്തിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.

2021 ഒക്ടോബറിൽ ടാറ്റ പുറത്തിറക്കിയ ഈ കോംപാക്ട് എസ്.യു.വി 2022 ഓഗസ്റ്റിൽ തന്നെ ഒരു ലക്ഷം യൂനിറ്റ് ഉത്പാദനം നടത്തിയിരുന്നു. കുറഞ്ഞ ബജറ്റിൽ കൂടുതൽ സുരക്ഷ നൽകുന്നതിനാൽ പുതിയ ഉപഭോക്താക്കളെ കൂട്ടത്തോടെ ആകർഷിക്കാൻ ടാറ്റ മോട്ടോഴ്സിന് കഴിഞ്ഞു. 2024ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനമെന്ന റെക്കോഡ് ടാറ്റ കോംപാക്ട് എസ്.യു.വിയെ തേടിയെത്തുന്നത്. അതിനിടയിൽ 2024 ജനുവരി 17ന് പഞ്ചിന് ഒരു വൈദ്യുത വകഭേദവും കമ്പനി അവതരിപ്പിച്ചു. ഇലക്ട്രിക് കാറിന്റെ പ്രത്യേകതയെന്തെന്നാൽ 25 ശതമാനം ഉപഭോക്താക്കളും സ്ത്രീകളാണെന്നുള്ളതാണ്.

1.2 ലീറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനാണ് ടാറ്റ പഞ്ചിന്റെ റെഗുലർ മോഡലിലുള്ളത്. പെട്രോൾ വകഭേദത്തിന് തന്നെ 5 സ്പീഡ് മാന്വൽ, 5 സ്പീഡ് എ.എം.ടി മോഡലുകൾ ലഭിക്കുന്നുണ്ട്. സി.എൻ.ജിയിലും ഇതേ എൻജിൻ തന്നെയാണ് ടാറ്റ സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 74 എച്ച്.പി കരുത്ത് പകരുമ്പോൾ പെട്രോൾ വകഭേദം 88 എച്ച്.പി കരുത്ത് നൽകും. കൂടാതെ പഞ്ചിന് ഒരു വൈദ്യുത വകഭേദവും ഉണ്ട്. ഇതിന് രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്.

82 എച്ച്.പി ഫ്രണ്ട് മോട്ടോറിന് കരുത്ത് പകരുന്ന 25 kWh യൂണിറ്റാണ് ഇതിൽ ആദ്യത്തേത്. രണ്ടാമത്തേത് 122 എച്ച്.പി മോട്ടോറിന് കരുത്ത് പകരുന്ന 35 kWh പാക്കുമാണ്. ഇത് ഒറ്റചാർജിൽ 365 കിലോമീറ്റർ വരെ MIDC-റേറ്റഡ് ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. നോർമൽ പെട്രോൾ മോഡലിൽ തുടങ്ങി പൂർണ്ണ-ഇലക്ട്രിക് വേരിയന്റുകൾ വരെ നീളുന്ന ടാറ്റ പഞ്ചിന്റെ വില 6.20 ലക്ഷം രൂപയിൽ ആരംഭിച്ച് 14.44 ലക്ഷം രൂപ വരെയാണ്.

Tags:    
News Summary - Tata Motors crosses 6 lakhs in Punch; This little SUV leaps ahead in the fray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.