തിരുവണ്ണാമലൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയ്ക്കടുത്തു നിന്ന് നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ശിലാലിഖിതം കണ്ടെത്തി. നാട്ടിൽ വീരൻമാർ മരിച്ചാൽ അവരുടെ ഓർമക്കായി സ്ഥാപിക്കുന്ന ‘നാടുകൽ’ എന്ന ശിലയാണ് കണ്ടെത്തിയത്. ശന്തനൂരിനടുത്ത് മല്ലികപുരം ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് ‘വിണ്ണൻ’ എന്ന നാട്ടുവീരന്റെ പേരിലുള്ള ശിലാലിഖിതം കണ്ടെത്തിയത്.
ജില്ലാ ചരിത്ര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ എസ്. ബാലമുരുഗൻ, സി. പളനിസ്വാമി, എം. രാജ എന്നിവർ ചേർന്നാണ് ഈ ചരിത്രശേഖരം കണ്ടെത്തിയത്. പശുക്കളെ കടത്തിക്കൊണ്ടുപോകാൻ വന്ന സംഘത്തെ നേരിട്ട വീരനായിരുന്നു വണ്ണൻ എന്ന് രേഖകളിൽ നിന്ന് മനസിലാകുന്നു.
വട്ടെഴുത്തിൽ നിന്ന് ബ്രാഹ്മി തമിഴിലേക്കും അവിടെ നിന്ന് തമിഴിലേക്കുമുള്ള ഭാഷയുടെ പരിണാമം വെളിവാക്കുന്നതാണ് ഇതിലെ ഭാഷ. എന്നാൽ വീരന്റെ ചിത്രം ഇതിൽ ചേർത്തിട്ടില്ല. നാലാം നുറ്റാണ്ടിനും അഞ്ചാം നുറ്റാണ്ടിനും മധ്യേ ഉള്ളതാണ് ഈ ശിലയെന്ന് കരുതുന്നു. ഏകദേശം ഒന്നരയടിയിൽ താഴെ മാത്രമേ ഈ ശിലക്ക് വലിപ്പമുള്ളൂ.
അന്നത്തെ കാലത്ത് നാട്ടിൽ വീരപരിവേഷമുള്ളവർക്ക് വലിയ ആദരവായിരുന്നു നാട്ടുകാർ നൽകിയിരുന്നത്. അവരുടെ മരണശേഷം സ്മരണ നിലനിർത്തുന്നതിനായി ഇത്തരം ശിലകൾ സ്ഥാപിക്കുന്നതും പതിവായിരുന്നെന്ന് ഗവേഷകർ പറയുന്നു. തിരുവണ്ണാമലൈ ജില്ലയിൽ നിന്ന് ഇതുവരെ കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളതാണ് ഈ ശില എന്നും ഇവർ പറയുന്നു.
ഈ കാലഘട്ടത്തിൽ ലഭിച്ചിട്ടുള്ള ശിലകളുടെ എണ്ണവും വളരെ കുറവാണെന്നും അതിനാൽ ഇത് സംരക്ഷിക്കേണ്ടത് ചരിത്ര ഗവേഷണത്തിൽ നിർണായകമായിരിക്കുമെന്നും ചരിത്രകാരൻമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.