ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ആം ആദ്മി പാർട്ടി ഇൻഡ്യ (ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്) വിട്ടതായി പ്രഖ്യാപിച്ചു. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് രാജ്യസഭയിലെ ആം ആദ്മി പാർട്ടി കക്ഷി നേതാവ് സഞ്ജയ് സിങ്ങാണ് അറിയിച്ചത്. അതേസമയം, കഴിഞ്ഞ പാർലമെന്റ് സമ്മേളന കാലത്ത് ഇടഞ്ഞുനിന്നിരുന്ന തൃണമൂൽ കോൺഗ്രസ് ഇൻഡ്യയുമായി ചേർന്നു പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
ശനിയാഴ്ച പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യത്തിന്റെ ഓൺലൈൻ യോഗത്തിൽനിന്ന് ആപ് വിട്ടുനിൽക്കുകയും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കുകയും ചെയ്തു. സർക്കാറിനെ പാർലമെന്റിൽ ഒന്നിച്ച് നേരിടാൻ സഖ്യകക്ഷികൾ തീരുമാനിച്ചു.
മിക്ക സംസ്ഥാനങ്ങളിലും അതിജീവനത്തിനായി കോൺഗ്രസുമായി കൊമ്പുകോർക്കുന്ന ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും സഖ്യത്തിൽ തുടരുക അസാധ്യമെന്ന് തോന്നിയ ഘട്ടത്തിലാണ് ആപിന്റെ പിന്മാറ്റം. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയായ സി.പി.എമ്മിനെ ആക്രമിക്കാൻ രാഹുൽ ഗാന്ധി നേരിട്ടിറങ്ങിയതിൽ അവരും പ്രതിഷേധം പ്രകടിപ്പിച്ചതിനിടയിലായിരുന്നു ഇൻഡ്യയോഗം.
ഇൻഡ്യ ബ്ലോക്ക് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ളതായിരുന്നുവെന്നും ഡൽഹി, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്കാണ് ആപ് മത്സരിച്ചതെന്നും സഞ്ജയ് സിങ് പറഞ്ഞു. പഞ്ചാബിലെയും ഗുജറാത്തിലെയും ഉപതെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് മത്സരിച്ചു. അതുപോലെ ബിഹാർ തെരഞ്ഞെടുപ്പിൽ ആപ് ഒറ്റക്ക് മത്സരിക്കും. ആപ് ഇനി ഇൻഡ്യയുടെ ഭാഗമല്ല. ലോക്സഭയിൽ സ്വന്തം നിലക്ക് പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും ശക്തമായ പ്രതിപക്ഷത്തിന്റെ പങ്ക് തങ്ങൾ എപ്പോഴും വഹിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ എന്നെങ്കിലും യോഗം നടത്തിയിരുന്നോ എന്ന് സിങ് ചോദിച്ചു. ഇൻഡ്യ ബ്ലോക്ക് വികസിപ്പിക്കാൻ എന്തെങ്കിലും മുൻകൈയെടുത്തിരുന്നോ? ചിലപ്പോൾ അവർ അഖിലേഷ് യാദവിനെയും ചിലപ്പോൾ ഉദ്ധവ് താക്കറെയെയും ചിലപ്പോൾ മമത ബാനർജിയെയും വിമർശിക്കുന്നു. കോൺഗ്രസാണ് സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടി. എന്നിട്ടും ഐക്യം ഉറപ്പാക്കുന്നതിൽ അവർ വല്ല പങ്കും വഹിച്ചോ എന്നും സഞ്ജയ് സിങ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.