ന്യൂഡൽഹി: രാജ്യത്താകമാനം ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാജ് ഉൾപ്പെടെയുള്ള ഭരണപക്ഷ അതിക്രമങ്ങൾക്കെതിരെ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്ത് അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. അസമിലെ ഗോൾപാറ ജില്ലയിൽ രണ്ടുദിവസംകൊണ്ട് നാലായിരത്തോളം വീടുകൾ ഇടിച്ചുനിരത്തിയതും 2023 മുതലുള്ള രണ്ടുവർഷക്കാലംകൊണ്ട് 32,000ത്തിലധികം പേർ കുടിയിറക്കപ്പെട്ടതും ലീഗ് എം.പി ചൂണ്ടിക്കാട്ടി.
അസമിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങൾ താമസിക്കുന്ന വീടുകളും അവരുടെ കച്ചവടസ്ഥാപനങ്ങളും ഒരു മുന്നറിയിപ്പുമില്ലാതെ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കുകയാണ്. ഏകദേശം 20 പള്ളികളും 41 മദ്റസകളും അവിടെ ഈ കാലയളവിൽ പൊളിച്ചുനീക്കിയിട്ടുണ്ട്. സർക്കാർ ഭൂമി അന്യായമായി കൈയേറിയെന്ന പേരിൽ നടക്കുന്ന ഈ കുടിയിറക്കലുകൾ പരിശോധിക്കുമ്പോൾ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് അതിക്രമിക്കുന്ന പ്രവണതയാണതെന്ന് വ്യക്തമാണ്. ഗുജറാത്തിലെ അഹ്മദാബാദിലെ ചണ്ടോള ലെയ്ക്ക് ഏരിയയിൽ രണ്ടായിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഉത്തരാഖണ്ഡിലെ കാശിപുരിലും ഉത്തർപ്രദേശിലെ പല പ്രദേശങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി പാർലമെന്റിൽ ചർച്ച നടത്തി ഇരകളായവർക്ക് വേണ്ട രീതിയിലുള്ള നഷ്ടപരിഹാരങ്ങൾ വാങ്ങിക്കൊടുക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വിദേശനയം ചർച്ച ചെയ്യണമെന്നും ഫലസ്തീൻ വിഷയത്തിലും, ഇറാൻ-ഇസ്രായേൽ സംഘർഷത്തിലും ഇന്ത്യയുടെ വിദേശനയം കേന്ദ്രം വ്യക്തമാക്കണമെന്നും മുൻകാല വിദേശനയങ്ങളിൽനിന്നും നാം വ്യതിചലിച്ചു പോയിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ശേഖർ യാദവിന്റെ ഇമ്പീച്ച്മെന്റ് നടപടിയുടേ മേൽ ആറുമാസമായിട്ടും തീരുമാനമാവാത്ത സാഹചര്യം ചർച്ച ചെയ്യണം.
പഹൽഗാമിലെ സുരക്ഷ വീഴ്ച, ഓപറേഷൻ സിന്ദൂറിലെ വെളിപ്പെടുത്തൽ, കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, തെരുവുനായ് പ്രശ്നം, അതോടൊപ്പം വന്യജീവി ആക്രമണം സഭയിൽ ചർച്ച ചെയ്യണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.