ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാവിവത്കരണത്തിനുള്ള രൂപരേഖ തയാറാക്കാനുള്ള നാലു ദിവസത്തെ ആർ.എസ്.എസ് വിദ്യാഭ്യാസ ഉച്ചകോടി ഇതാദ്യമായി കേരളത്തിൽ. ജൂലൈ 25 മുതൽ 28 വരെ കാലടിയിൽ നടക്കുന്ന ‘ജ്ഞാന സഭ’യിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് മൂഖ്യാതിഥിയായിരിക്കും. സർവകലാശാല വൈസ് ചാൻസലർമാർ, കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, എ.ഐ.സി.ടി.ഇ ചെയർപേഴ്സൺ, യു.ജി.സി വൈസ് ചെയർപേഴ്സൺ, നാക് ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള രൂപരേഖ ഒരുക്കുന്നതിനാണ് ഉച്ചകോടിയെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ ആർ.എസ്.എസിന്റെ വർധിച്ചുവരുന്ന ഇടപെടലിന് അടിവരയിടുന്നതാണ് മോഹൻ ഭഗവതിന്റെ സാന്നിധ്യമെന്നും സംഘാടകരായ ‘ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസ്’ ദേശീയ സെക്രട്ടറി അതുൽ കോത്താരി പറഞ്ഞു.
‘വിദ്യാഭ്യാസത്തിൽ ഇന്ത്യൻ മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പോഷക സംഘടനയാണ് ‘ശിക്ഷ സംസ്കൃതി ഉത്തൻ ന്യാസ്’. 27ന് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ മോഹൻ ഭഗവത് ’വിദ്യാഭ്യാസത്തിലെ ഭാരതീയത’യെ കുറിച്ച് സംസാരിക്കും. ജൂലൈ 28ന് ‘ജ്ഞാൻ സഭ: വികസിത ഭാരതത്തിനായുള്ള വിദ്യാഭ്യാസം’ എന്ന തലക്കെട്ടിലുള്ള സെഷനിലും ഭാഗവത് സംസാരിക്കും.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ചർച്ചയിൽ അർഥപൂർണമായ സംഭാവന നൽകാൻ കഴിയുന്നവരെയാണ് ക്ഷണിച്ചതെന്നും എല്ലാ ബി.ജെ.പി വിദ്യാഭ്യാസമന്ത്രിമാരെയും വൈസ് ചാൻസലർമാരെയും ക്ഷണിച്ചിട്ടില്ലെന്നും അതുൽ കോത്താരി അറിയിച്ചു.
രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുണ്ടാകും. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആർ.എസ്.എസുമായി ബന്ധപ്പെട്ട 300 ഓളം വിദ്യാഭ്യാസ വിദഗ്ധരും ആത്മീയ സംഘടനകളും പങ്കെടുക്കും.
ദേശീയ വിദ്യാഭ്യാസ നയവും പാഠ്യപദ്ധതി പരിഷ്കാരങ്ങളും വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം ലക്ഷ്യമിട്ടാണെന്ന വിമർശനങ്ങൾക്കിടയിലാണ് അതിനെ ഇരുമുന്നണികളും എതിർക്കുന്ന കേരളത്തിൽ തന്നെ ഇത്തരമൊരു പരിപാടി ആർ.എസ്.എസ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.