അടിമുടി മാറ്റത്തിനൊരുങ്ങി രാജ്യതലസ്ഥാനം; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 24,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രവും ഡൽഹി സർക്കാരും. പദ്ധതി അനുസരിച്ച് 24,000 കോടി രൂപയുടെ ഒമ്പത് പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഡൽഹി- എൻ.സി.ആർ പ്രദേശങ്ങളിലെ മലിനീകരണം കുറക്കുക വഴി ആളുകൾക്ക് യാത്ര സമയം ലാഭിക്കാനും ദൈനംദിന യാത്രകൾ സുഖമമാക്കാനും പുതിയ തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, മെട്രോ സംവിധാനം വിപുലീകരിക്കൽ, പുതിയ റോഡുകൾ എന്നിവയുടെ ഒരു മിശ്രിത പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഡൽഹിയിലെ മോശം റോഡുകളും പൊതുഗതാഗത സംവിധാനങ്ങളുടെയും അപര്യാപ്തത പരിഹരിച്ച് ഈ വർഷം തന്നെ പദ്ധതി ആരംഭിക്കുകയും 2027ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പദ്ധതിയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

മജ്ലിസ് പാർക്കിൽ നിന്നും മൗജ്പുർ വരെയുള്ള പിങ്ക് ലൈൻ മെട്രോ സർവീസ് 12.3 കിലോമീറ്റർ നീട്ടുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇത് വൃത്താകൃതിയിലുള്ള ഒരു പിങ്ക് ലൈൻ പൂർത്തിയാക്കുകയും പുതിയ മെട്രോ റിങ് റോഡ് സൃഷ്ടിക്കുകയും ചെയ്യും. ഇത് യാത്രക്കാർക്ക് ലൈനുകൾ മാറാതെ ഡൽഹി മുഴുവൻ സഞ്ചരിക്കാനുള്ള എളുപ്പവഴിയായി മാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സൗത്ത് ഡൽഹിയിൽ എയർപോർട്ടിലേക്കുള്ള യാത്ര ലഘൂകരിക്കുന്നതിന്റെ ഭാഗമായി എയിംസിനും മഹിപാൽപൂർ ബൈപാസിനും ഇടയിൽ പുതിയ എലിവേറ്റഡ് റോഡിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ശിവ് മൂർത്തിയിൽ നിന്ന് വസന്ത് കുഞ്ചിലേക്കുള്ള 5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കവും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇത് ദേശീയപാത 48 നെ മഹിപാൽപൂരുമായും വസന്ത് കുഞ്ചുമായും ബന്ധിപ്പിക്കും. ഇത് പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുകയും ചെയ്യും.

ഡൽഹി നഗരത്തെ കൂടാതെ അർബൻ-എക്സ്റ്റൻഷൻ റോഡുകളിലും ഗുരുഗ്രാം-ജയ്പൂർ ഹൈവേ, ഡൽഹി-നോയിഡ ഹൈവേയിലും ചരക്ക് വാഹങ്ങൾക്ക് ഗതാഗതം സുഖമമാകുന്നതിനായി ഫ്ലൈ ഓവറുകളും അണ്ടർ പാസുകളും നിർമിക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന റെസിഡൻഷ്യൽ, വ്യാവസായിക മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി രോഹിണി, നരേല, ബവാന എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡുകൾക്കും അംഗീകാരം ലഭിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുനർവികസനവും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

Tags:    
News Summary - The national capital is set to undergo a major transformation; Rs 24,000 crore project approved to resolve traffic congestion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.