ഷിംല: ഹിമാചൽ പ്രദേശിലെ ഷില്ലായ് ഗ്രാമത്തിൽ രണ്ട് സഹോദരന്മാർ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പോൾ നിലവിലില്ലാത്ത ബഹുഭർതൃത്വ പാരമ്പര്യത്തിന് കീഴിൽ നടന്ന വിവാഹത്തിന് നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ജൂലൈ 12ന് സിർമൗർ ജില്ലയിലെ ട്രാൻസ് ഗിരി പ്രദേശത്തായിരുന്നു വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് പ്രാദേശിക നാടോടി ഗാനങ്ങളും നൃത്തങ്ങളും നിറം പകർന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ വൈറലാണ്. വധുവായ സുനിത ചൗഹാനും വരന്മാരായ പ്രദീപും കപിൽ നേഗിയും ഇത്തരമൊരു തീരുമാനമെടുക്കുന്നതിൽ തങ്ങൾക്കുമേൽ യാതൊരു സമ്മർദ്ദങ്ങളും ഇല്ലായിരുന്നുവെന്ന് പറഞ്ഞു.
ജോഡിദാര എന്ന പേരിൽ അറിയപ്പെടുന്ന ബഹുഭർതൃ വിവാഹങ്ങളെ ഹിമാചൽ പ്രദേശിലെ റവന്യൂ നിയമങ്ങൾ അംഗീകരിക്കുന്നുണ്ട്. ട്രാൻസ്-ഗിരിയിലെ ബദാന ഗ്രാമത്തിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇത്തരം അഞ്ച് വിവാഹങ്ങളാണ് നടന്നത്. കുൻഹട്ട് ഗ്രാമത്തിൽ നിന്നുള്ള സുനിത, പാരമ്പര്യത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും പറഞ്ഞു.
വരന്മാരിൽ മൂത്ത സഹോദരനായ പ്രദീപ് ഒരു സർക്കാർ വകുപ്പിലും ഇളയ സഹോദരൻ കപിൽ വിദേശത്തുമാണ് ജോലി ചെയ്യുന്നത്.
ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് അതിർത്തിയിലെ ചെറിയ ഗോത്ര സമൂഹമാണ് ഹട്ടി. ഈ ഗോത്രത്തിൽ നൂറ്റാണ്ടുകളായി ബഹുഭർതൃത്വം നിലവിലുണ്ട്. എന്നാൽ സ്ത്രീകൾക്കിടയിലെ സാക്ഷരത വർധിച്ചതിനാലും സാമ്പത്തിക നിലാവാരം വർധിച്ചതിനാലും ഈയിടെയായി ഇത്തരം വിവാഹങ്ങൾ കുറഞ്ഞുവരികയാണ്.
അതേസമയം, വിവാഹങ്ങൾ രഹസ്യമായി നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ വിവാഹം നടക്കുന്നതിനുള്ള പ്രധാന കാരണം പിതൃസ്വത്ത് ഭൂമി വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്.
സിർമൗർ ജില്ലയിലെ ട്രാൻസ് ഗിരി പ്രദേശത്ത് 450 ഗ്രാമങ്ങളിലായി ഹട്ടി സമുദായത്തിൽപ്പെട്ട ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. ചില ഗ്രാമങ്ങളിൽ ബഹുഭർതൃത്വം ഒരു പാരമ്പര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.