തേഞ്ഞിപ്പലം: ഭരണ-അക്കാദമിക പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുംവിധം കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രതിസന്ധി. തുടര്‍ച്ചയായ രണ്ടാം തവണയും സംഘര്‍ഷാവസ്ഥയില്‍ സെനറ്റ് യോഗം മുടങ്ങി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലെ വാക്കേറ്റവും പ്രതിഷേധവും രൂക്ഷമായതോടെ തുടക്കത്തിലേ യോഗം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പിരിച്ചുവിട്ട് ഇറങ്ങിപ്പോയി. ശനിയാഴ്ച രാവിലെ പത്തിനാണ് യോഗം ചേർന്നത്.
ജീവനക്കാര്‍ക്കെതിരെ അതിക്രമം കാട്ടിയ എസ്.എഫ്.ഐക്കാര്‍ക്കെതിരായ നടപടി മരവിപ്പിച്ചതിനെ ചോദ്യംചെയ്ത് സെനറ്റംഗം വി.കെ.എം. ഷാഫി രംഗത്തുവന്നതോടെയാണ് സംഘര്‍ഷാവസ്ഥയുടെ തുടക്കം. ഇതിനെതിരെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റ് അംഗങ്ങളും പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.
സര്‍വകലാശാല ഉദ്യോഗസ്ഥരെ മർദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മൈനര്‍ കോഴ്‌സ് തെരഞ്ഞെടുക്കാന്‍ വിദ്യാർഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും എഴുതിയ ബാനറുകള്‍ യു.ഡി.എഫ് അംഗങ്ങള്‍ സഭയില്‍ ഉയര്‍ത്തി. ഇതോടെ ഇടത് അംഗങ്ങളും ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കി.
വേടനെ ഭയക്കുന്ന വി.സി ആര്‍.എസ്.എസ് ഏജന്റ്, തോറ്റ വിദ്യാർഥിയെ വിജയിപ്പിക്കുന്ന മാന്ത്രികന്‍ വി.സി എന്നെഴുതിയ കറുത്ത ബാനര്‍ ഉയര്‍ത്തിയായിരുന്നു ഇടതു പ്രതിഷേധം. ഇരുവിഭാഗവും സഭയുടെ നടുത്തളത്തിലിറങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വി.സിയുടെ ചേംബറിലേക്ക് പ്രതിഷേധവുമായി എത്തി. പ്രതിഷേധം അതിരുവിടുകയും കൂടുതല്‍ സമ്മർദത്തിലാകുകയും ചെയ്തതോടെ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് വി.സി സീറ്റില്‍നിന്ന് എഴുന്നേറ്റു. പോകാന്‍ അനുവദിക്കാതെ ഇടത് അംഗങ്ങള്‍ വി.സിയെ തടഞ്ഞു.
സിന്‍ഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വി.സി ഒളിച്ചോടുകയാണെന്ന് ഇവര്‍ ആരോപിച്ചു.വി.സി സെനറ്റ് ഹൗസ് വിട്ടതോടെ പുറത്തിറങ്ങിയ ഇരുവിഭാഗം അംഗങ്ങളും സെനറ്റ് ഹൗസിനും സര്‍വകലാശാല ഭരണകാര്യാലയത്തിനും മുന്നിൽ പ്രതിഷേധിച്ചു. ജൂണ്‍ 25ന് ചേര്‍ന്ന സെനറ്റും സമാന സാഹചര്യത്തില്‍ മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.