കൊച്ചി: ബിത്ര ദ്വീപ് പൂർണമായി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടികൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും മുന്നോട്ടുപോകുമെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പ്രതികരിച്ചു. ദ്വീപ് നിവാസികൾക്കൊപ്പം ഉറച്ച് നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൂർവികർ കൈമാറിയ ലക്ഷദ്വീപിന്റെ മണ്ണ് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാനുള്ള അഡ്മിനിസ്ട്രേഷൻ ശ്രമത്തോട് ശക്തമായി വിയോജിക്കുന്നുവെന്ന് മുൻ എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ദ്വീപ് നിവാസികൾ എന്നും ഇന്ത്യയുടെ സുരക്ഷക്കായി നിലകൊണ്ടവരാണ്.
അവർ ചരിത്രപരമായി പുലർത്തിയ പൗരബോധത്തെ വിലകുറച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് ദ്വീപ് ഭരണകൂടം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം പല ദ്വീപുകളിലെയും സ്വകാര്യ ഭൂമി കൈയേറി ദ്വീപ് ജനതയെ കുടിയൊഴിപ്പിക്കുന്ന പ്രവണത തുടരുകയാണെന്ന് എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ജന. സെക്രട്ടറി ടി.എ. അബ്ദുൽ ജബ്ബാർ പ്രസ്താവനയിൽ പറഞ്ഞു.
ബംഗാരം, തിണ്ണക്കര എന്നീ ദ്വീപുകളിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഭൂമി ദ്വീപ് ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പിടിച്ചെടുത്ത് ടൂറിസം കമ്പനിക്ക് നൽകുകയാണ്. ആൾതാമസമുള്ള ബിത്ര ദ്വീപിലെ മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനം ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണ്. ഇത്തരം വിഷയങ്ങളെ പ്രതിരോധിക്കുന്നതിന് രാഷ്ട്രീയപരമായും നിയമപരമായും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും.
ദ്വീപ് നിവാസികളുടെ നേതൃത്വത്തിൽ സേവ് ബിത്ര എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചു. ലക്ഷദ്വീപ് സ്റ്റുഡൻറ് അസോസിയേഷന്റെ (എൽ.എസ്.എ) നേതൃത്വത്തിൽ എറണാകുളം കൊളംബൊ ജങ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിജ്ഞാപനവും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ചിത്രവും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മിസ്ബാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബിത്രയിലെ ജനങ്ങൾക്കായി ജീവൻകൊടുത്തും മുന്നിൽ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.