കൊച്ചി: നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീം കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം അറിയിച്ചു. നിമിഷപ്രിയ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ദിയാധന ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്.
രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിച്ചത്.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്‌ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ആവശ്യം ഉന്നയിച്ചത്. ഇന്ന് രാവിലെ 10.30ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കേസ് കോടതി മുന്‍പാകെ ഉന്നയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. വധശിക്ഷ മാറ്റിവെച്ച വിവരം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.