കോട്ടയത്ത് നടന്ന നേതൃസംഗമം പരിപാടിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി സി.പി.എമ്മിനു പിന്നാലെ ഹിന്ദു ഐക്യവേദിയും. കേരളത്തിൽ ജനാധിപത്യത്തിന് മേൽ മതാധിപത്യമാണ് നിലനിൽക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വർത്തമാനകാല യാഥാർഥ്യമാണ് എന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവിന്റെ പ്രതികരണം.
ക്രമാതീതമായി വർധിക്കുന്ന കേരളത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ബാബു ചൂണ്ടിക്കാട്ടി. 2040ഓടെ കേരളം മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 30 ശതമാനം വരുന്ന സംഘടിത മതശക്തികൊണ്ട് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്നും അവരുടെ തിട്ടമനുസരിച്ച് പ്രവർത്തിക്കാൻ മാത്രമാണ് ഭരണ പ്രതിപക്ഷ കക്ഷികൾ തയാറാകുന്നതെന്നും ബാബു ആരോപിച്ചു.
കൊച്ചിയിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ് മന്ത്രി വി.എൻ. വാസവൻ വെള്ളാപ്പള്ളിയെ പുകഴ്ത്തിയത്. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ഭാവനാസമ്പന്നനായ നേതാവ് വെള്ളാപ്പള്ളി എന്നായിരുന്നു വാസവന്റെ പുകഴ്ത്തൽ. മാത്രമല്ല, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എൻ.ഡി.പി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തമാക്കി മാറ്റിയെന്നും വാസവൻ പറയുകയുണ്ടായി. കേരളത്തിൽ മുസ്‍ലിം ജനസംഖ്യ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. കേരളം മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് വി.എസ്. അച്യൂതാനന്ദൻ മുമ്പ് പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതി എന്ന സ്ഥിതിയാണ് കേരള സർക്കാറിനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.