കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടൂളുകളുടെ സഹായത്തോടെ കോടതികൾ ഉത്തരവുകൾ തയാറാക്കി പുറപ്പെടുവിക്കരുതെന്ന് വ്യക്തമാക്കി ഹൈകോടതി ജുഡീഷ്യൽ ഓഫിസർമാർ അടക്കമുള്ളവർക്ക് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു.
അംഗീകൃത എ.ഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അക്കാദമിയിലോ ഹൈകോടതിയിലോ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കണം. അംഗീകൃത ടൂളുകളിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽപെട്ടാൽ ഹൈകോടതിയുടെ ഐ.ടി വിഭാഗത്തെ അറിയിക്കണം. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏതെല്ലാം എ.ഐ ടൂളുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉത്തരവുകൾ എഴുതാനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനുമൊക്കെ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്ന എല്ലാ ഘട്ടത്തിലും മേൽനോട്ടം ഉണ്ടാകണം. തെറ്റ് വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം.
ചാറ്റ് ജി.പി.ടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എ.ഐ ടൂളുകൾ ഉപയോഗിക്കരുത്. നിയന്ത്രണമില്ലാത്ത എ.ഐ ടൂൾ ഉപയോഗം സ്വകാര്യതയെയും ഡേറ്റയുടെ സുരക്ഷയെയും ബാധിക്കും എന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എല്ലാ ജുഡീഷ്യൽ ഓഫിസർമാരും ജീവനക്കാരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.