വില കുതിച്ച് ബിരിയാണി അരി; കയമ അരിക്ക് ചില്ലറ വില 150ന് മുകളിൽ

കോഴിക്കോട്: ബിരിയാണി അരിക്ക് വിപണിയിൽ അനിയന്ത്രിത വിലക്കയറ്റം. കയമ ഇനം അരിക്കാണ് വില കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 35 ശതമാനം വില വർധിച്ചു. ഇത് 50 ശതമാനം വരെ നീളുമെന്നാണ് സൂചന. വില കൂടിയതോടെ വിവാഹാഘോഷങ്ങൾക്കും വിരുന്നുകൾക്കും ചെലവ് കുത്തനെ കൂടി. നല്ലയിനം കയമ അരിക്ക് ചില്ലറ വില 150ന് മുകളിലാണിപ്പോൾ. പരമാവധി 110 രൂപ വരെയായിരുന്നു വില. വരുംദിവസങ്ങളിൽ ഇത് 175നും മുകളിൽ എത്തുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.

പുതുതലമുറയുടെ നിത്യാഹാര പട്ടികയിൽ ബിരിയാണിയുണ്ട്. ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ഗുണനിലവാരം കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെയ്ചോറുമുണ്ടാക്കേണ്ട അവസ്ഥയുമുണ്ട്. കയമക്ക് വിലക്കയറ്റമായതിനാൽ പൊതുവെ വിലക്കുറവുള്ള കോലക്കും ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടി. അരിവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

പശ്ചിമ ബംഗാളിൽനിന്നാണ് കേരളത്തിലേക്ക് കയമ അരി എത്തുന്നത്. മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉൽപാദനം കുറഞ്ഞതും വില കൂടാൻ കാരണമായി. കയറ്റുമതി കൂടിയതും വൻകിടക്കാർ അരി ശേഖരിച്ചുവെച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.

ഉൽപാദനം കഴിഞ്ഞ അരി രണ്ടുവർഷം വരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർഥ രുചി ലഭിക്കുക. ക്ഷാമം കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിലെത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കും. ഇപ്പോൾതന്നെ ഗുണനിലവാരം കുറഞ്ഞ അരി വിപണിയിൽ ഇടംനേടുന്നുണ്ട്.കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആന്ധ്ര, നാഗ്പുർ, പഞ്ചാബ്, കശ്മീർ, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് ബസുമതി, കോല ഇനം അരികൾ എത്തുന്നത്.

Tags:    
News Summary - Biryani rice prices soar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.