ഷോക്കേറ്റ് മരണത്തിൽ വീണ്ടും പഴിചാരൽ; മരംമുറിക്കാൻ സമ്മതിച്ചില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി, നിഷേധിച്ച് സ്ഥലമുടമ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് മരണങ്ങൾ ആവർത്തിക്കുമ്പോൾ ഉത്തരവാദി ആരെന്നതിലെ പഴിചാരലും തുടരുന്നു. തേവലക്കരയിൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർ കെ.എസ്.ഇ.ബിയെയും അവർ തിരിച്ചും കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ ദിവസം നെടുമങ്ങാട് 19 കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മരം നിന്ന സ്ഥലത്തിന്‍റെ ഉടമയെ പഴിചാരി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെ രംഗത്തെത്തി.

സ്വകാര്യ വ്യക്തി മരംമുറിക്കാൻ സമ്മതിച്ചില്ലെന്നും അതുകൊണ്ടാണ് അപകടമുണ്ടായതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എന്നാൽ, തന്നോട് മരംമുറിക്കാൻ പഞ്ചായത്തോ കെ.എസ്.ഇ.ബിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നുവെങ്കിൽ മുറിച്ചുമാറ്റുമായിരുന്നുവെന്നും സ്ഥലമുടമ പ്രതികരിച്ചതോടെ മന്ത്രി പ്രതിരോധത്തിലായി.

കാറ്റിൽ മരം വീണാലും സ്വകാര്യ വ്യക്തി മരം മുറിക്കാത്തതിനാൽ അപകടം സംഭവിച്ചാലും കെ.എസ്.ഇ.ബിയുടെ വീഴ്ചയാണെന്ന് ആരോപിച്ചാൽ തനിക്ക് ഒന്നും പറയാനില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രകൃതിയുടെ വീഴ്ച എന്നാരും പറയുന്നില്ല. വൈദ്യുത ബോർഡ് ജീവനക്കാർ രാവും പകലും പണിയെടുക്കുകയാണ്. ഷോക്കേറ്റ് നിരവധി ജീവനക്കാരും മരിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാണ്.

ദുരന്തനിവാരണ നിയമപ്രകാരം കലക്ടർക്ക് ഇതിൽ ഇടപെടാനാകും. നെടുമങ്ങാട് സംഭവത്തിൽ അന്വേഷണം നടത്താൻ കെ.എസ്.ഇ.ബി ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാവും. കുറ്റക്കാരെ സംരക്ഷിക്കില്ല. തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സേഫ്റ്റി കമീഷണറുടെ അന്വേഷണ റിപ്പോർട്ട് ഉടൻ കിട്ടും. പ്രാഥമിക പരിശോധനയിൽ വീഴ്ചകൾ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വിശദ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വൈദ്യുത പോസ്റ്റിന്‍റെ സ്റ്റേ കമ്പി മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പ്രതികരണം.

Tags:    
News Summary - Blame again for shock death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.