തിരുവനന്തപുരം: ആർ.ടി ഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് പിടികൂടിയത്. ഏജന്റുമാരിൽ നിന്നാണ് ഇവർ പണം കൈപ്പറ്റിയത്. ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ 17 റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കൈക്കൂലി പിടികൂടിയത്.
7.84 ലക്ഷം രൂപ ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി പ്രാഥമിക പരിശോധയിൽ കണ്ടെത്തി. വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 11 ഏജന്റുമാരിൽനിന്ന് 1.4 ലക്ഷം രൂപ പിടിച്ചെടുത്തു. വിശദ പരിശോധനയിൽ തുക കൂടുമെന്നാണ് വിവരം.
നിലമ്പൂർ സബ്-റീജനൽ ട്രാൻസ്പോർട്ട് ഓഫീസ് പരിസരത്ത് നിന്ന്, വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ്-റീജനൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജനലിൽ പണം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. നിലമ്പൂരിൽ രണ്ട് ഉദ്യോഗസ്ഥർ, ഏജന്റുമാരിൽ നിന്നായി 42,743 രൂപ കൈപ്പറ്റിയതായും കോഴിക്കോട് വെള്ളരികുണ്ട് സബ് ആർ.ടി.ഒ യിൽ ഏജന്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 2,66,300 രൂപ ഗൂഗിൾപേ വഴി അയച്ചതായും കണ്ടെത്തി.
ആർ.ടി/എസ്.ആർ.ടി ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും, പൊതുജനങ്ങൾ ഓൺലൈന്‍വഴി അയക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ കൈക്കൂലി ലഭിക്കണം എന്ന ഉദ്ദേശത്തോടെ അപാകത ചൂണ്ടിക്കാട്ടി നിരസിക്കുന്നെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വൈകീട്ട് 81 ഓഫീസുകളിൽ മിന്നൽ പരിശോധന നടന്നത്. പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.