സെബാസ്റ്റ്യൻ
കോട്ടയം: ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിൽ ഒരു കൂസലുമില്ലാതെ ഏറ്റുമാനൂർ ജൈനമ്മ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാൻ കോട്ടയം ക്രൈംബ്രാഞ്ച് വീണ്ടും കോടതിയിൽ അപേക്ഷ നൽകും. അതിനിടെ സെബാസ്റ്റ്യന്റെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥിക്കഷണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനക്കയച്ചു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അതിനിടെ കാണാതായ മുഴുവൻ സ്ത്രീകളുടെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു പത്മനാഭൻ തിരോധാനക്കേസിൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പത്മനാഭനെ (47) കാണാതായ കേസിലും സെബാസ്റ്റ്യന്‍ ഒന്നാംപ്രതിയാണ്.
കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ചൊവ്വാഴ്ചയും സെബാസ്റ്റ്യനെ ചോദ്യംചെയ്യലിന് വിധേയനാക്കി. എന്നാൽ, അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. ചിരിയും മൗനവും മാത്രമാണ് ഉത്തരം. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ നാല് സ്ത്രീകളുടെ തിരോധാനവുമായി സെബാസ്റ്റ്യന്‍ ബന്ധമുണ്ടെന്നാണ് സംശയം. സെബാസ്റ്റ്യന്റെ കസ്റ്റഡി അവസാനിക്കുംമുമ്പ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘം. ജൈനമ്മക്കൊപ്പം ചേര്‍ത്തലയില്‍നിന്ന് കാണാതായ ബിന്ദു പത്മനാഭന്, സിന്ധു, ഐഷ എന്നിവരുടെ തിരോധാനക്കേസിന്റെ തുടരന്വേഷണവും പുരോഗമിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുള്ള അന്വേഷണസംഘവും സെബാസ്റ്റ്യന്റെ വീടും പുരയിടവും പരിശോധന നടത്തുന്നുണ്ട്.
കോട്ടയം ജില്ല ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി. സാരഥി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ സെബാസ്റ്റ്യനെ ചോദ്യംചെയ്യുന്നത്. ജൈനമ്മയുടെ മൊബൈൽ ഫോണുമായി സെബാസ്റ്റ്യൻ പോയ ഈരാറ്റുപേട്ടയിലെ കടയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. ബുധനാഴ്ചകൂടി മാത്രമേ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളൂ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഇയാളിൽനിന്ന് ശേഖരിക്കേണ്ടതുണ്ട്. അതിനാൽ വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ജൈനമ്മയുടെ തിരോധാനത്തിൽ ഇപ്പോഴും പുറത്തുവരാത്ത ചില ദുരൂഹതകൾ ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.