വർഗീയ പ്രസ്താവന: വെള്ളാപ്പള്ളിയെ തള്ളാതെയും കൊള്ളാതെയും സി.പി.എം

തിരുവനന്തപുരം: വർഗീയ പ്രസ്താവന നടത്തി കേസെടുക്കാൻ വെല്ലുവിളിച്ച വെള്ളാപ്പള്ളി നടേശനെ തള്ളുകയും കൊള്ളുകയും ചെയ്യാതെ സി.പി.എം. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിലെ ഭിന്നത പ്രകടമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സാഹോദര്യാന്തരീക്ഷം തകർക്കുന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം പ്രമുഖർ രംഗത്തുവന്നപ്പോഴാണ് സി.പി.എമ്മും ഇടതു മുന്നണിയും ശക്തമായ നിലപാട് സ്വീകരിക്കാത്തത്. ഇത് നേതാക്കൾക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടതിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നേരിൽ അഭിനന്ദിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പേരെടുത്ത് പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. എന്നിട്ടും വെള്ളാപ്പള്ളിയുടെ പേരുപോലും പരാമർശിക്കാതെ ‘ജാഗ്രത പാലിച്ചുള്ള’ പ്രസ്താവനയാണ് സി.പി.എം സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്.

‘കേരളത്തിന്‍റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ ആരിൽ നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണം. മതങ്ങളുടെ സാരം ഏകമെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം. എന്നാൽ അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാവരുത്’ എന്നായിരുന്നു സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന.

വെള്ളാപ്പള്ളിയെ പുകഴ്ത്തി ആദ്യം രംഗത്തുവന്നത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എൻ. വാസവനാണ്. വെള്ളാപ്പള്ളിയുടേത് ഉത്തരവാദിത്വ ബോധത്തിലൂന്നിയ പ്രവർത്തനമെന്നും നിർഭയമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രശംസ. എന്നാൽ വാസവനെ തള്ളിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പരസ്യ നിലപാട് പ്രഖ്യാപിച്ചത്. പ്രസ്താവന നിരുത്തരവാദപരമെന്നും ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കേരളം തള്ളിക്കളയും എന്നുമാണ് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രസ്താവന ശ്രീനാരായണീയ മൂല്യങ്ങൾക്ക് നിരക്കാത്തതും മതനിരപേക്ഷത ദുർബലപ്പെടുത്തുന്നതുമാണെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും രംഗത്തുവന്നു.

Tags:    
News Summary - Communal statement: CPM stand on Vellappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.