പരിധി ലംഘിച്ച് ആശ്രിത നിയമനങ്ങള്‍; പുനഃപരിശോധിക്കാൻ നടപടി

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ പരിധി ലംഘിച്ച് നടത്തിയ ആശ്രിത നിയമനങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടി. ആശ്രിത നിയമനം പല വകുപ്പുകളിലും അഞ്ച് ശതമാനത്തില്‍ കൂടുതലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ആശ്രിത നിയമനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാനും കണക്കെടുക്കാനുമാണ് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പ് മേധാവികളോടും സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചത്. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി.

വിവിധ സർക്കാർ വകുപ്പുകളില്‍നിന്നുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍, പല വകുപ്പുകളും അഞ്ച് ശതമാനം ആശ്രിത നിയമന ക്വോട്ട കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തുടര്‍ന്നാണ്, നിയമനങ്ങള്‍ പുനഃപരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശം നല്‍കിയത്. ഒരു വര്‍ഷമുണ്ടാകുന്ന ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമാണ് ആശ്രിത നിയമനത്തിനായി മാറ്റിവെക്കേണ്ടതെന്ന് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഈ വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു.

ഓരോ വര്‍ഷവുമുണ്ടാകുന്ന ആകെ ഒഴിവുകളില്‍ അഞ്ച് ശതമാനത്തില്‍ അധികം ആശ്രിത നിയമനം നടത്തിയിട്ടുണ്ടോ എന്ന് പുനഃപരിശോധിക്കും. നേരിട്ടുള്ള നിയമനത്തിനായി മാറ്റിവെച്ച ഒഴിവുകളില്‍നിന്നാണ് ആശ്രിത നിയമനത്തിനുള്ള ക്വോട്ട കണക്കാക്കേണ്ടത്. ജില്ല-സംസ്ഥാന തലത്തിലെ ഒഴിവുകള്‍ പ്രത്യേകം കണക്കാക്കി, അതത് തലത്തിലാണ് അഞ്ച് ശതമാനം ക്വോട്ട പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത്.

പരിധി ലംഘിച്ച് നിയമനം നല്‍കിയ ജീവനക്കാരെ സൂപ്പര്‍ ന്യൂമററി തസ്തികകളിലേക്ക് മാറ്റി നിയമിക്കാനാണ് കോടതി ഉത്തരവ്. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍, അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും തുടര്‍നടപടി സ്വീകരിക്കേണ്ടതെന്നും വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

Tags:    
News Summary - Dependent appointments exceeding limits; action to be taken to review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.