കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിക്കുന്ന അമിത പരിഗണനയിൽ മുഖം നഷ്ടപ്പെട്ട് ആഭ്യന്തരവകുപ്പ്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് പ്രത്യേക പരിഗണനയും വാരിക്കോരി പരോളും ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ സംഭവങ്ങൾ. കഴിഞ്ഞവർഷം പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പാളിയതോടെയാണ് പരിഗണന അൽപം കൂടിയതെന്നാണ് വിവരം. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസ് ഒത്താശയിൽ മദ്യപിച്ചതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മൂന്ന് പൊലീസുകാരുടെ സസ്പെൻഷനിൽ എല്ലാമൊതുക്കിയത് ഉന്നത ഇടപെടലെന്നാണ് സൂചന.
പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള കേസ് പോലും ഇവരുടെ പേരിൽ എടുത്തിട്ടില്ല. കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. സംഭവത്തിൽ ആർക്കും പരാതിയില്ലെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നാലെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ജൂലൈ 17നാണ് കൊടി സുനിയും സംഘവും തലശ്ശേരി കോടതിക്കു സമീപം നടുറോഡിൽ മദ്യപിച്ചത്.
പൊലീസ് ഒത്താശയിൽ നടുറോഡിൽ മദ്യപിച്ചിട്ടും അന്ന് കേസെടുക്കുകയോ വൈദ്യപരിശോധന നടത്തുകയോ ചെയ്തിട്ടില്ല. കോടതിക്കു സമീപം മദ്യവും ഭക്ഷണവുമായി എത്തിയവരെ കുറിച്ചും അന്വേഷണമില്ല. പൊലീസ് പറയുന്നതുപോലെ മദ്യമല്ലെങ്കിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സംഭവം കഴിഞ്ഞ് നാലാംനാൾ ആണ് കൊടി സുനിക്ക് പരോൾ ലഭിച്ചത്. കഴിഞ്ഞയാഴ്ച ടി.കെ. രജീഷിനും പരോൾ ലഭിച്ചു.
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾ തലശ്ശേരി കോടതി പരിസരത്ത് മദ്യപിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി റവഡ ചന്ദ്രശേഖർ. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടോയെന്ന് പരിശോധിച്ച് കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം അന്നുതന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂന്ന് പൊലീസുകാർക്കെതിരെ ഇതിനകം നടപടിയെടുത്തു. കൂടുതൽ പേർക്കെതിരെ വകുപ്പുതല നടപടി വേണോയെന്നത് പരിശോധിക്കുകയാണ്. പൊലീസുകാർക്കെതിരെ നടപടിയെടുത്തിട്ടും മദ്യപിച്ചവർക്കെതിരെ എന്താണ് കേസെടുക്കാത്തത് എന്ന ചോദ്യത്തിന് ‘എല്ലാം പരിശോധിക്കു’മെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി.
ചേർത്തല കൂട്ടക്കൊലപാതക സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുന്നുണ്ട്. മറ്റ് ജില്ലകളിലെ തിരോധാന കേസുകളും അന്വേഷണ പരിധിയിലാണെന്നും ഡി.ജി.പി അറിയിച്ചു. ടി.പി കേസ് പ്രതികളുടെ മദ്യപാനത്തിൽ പരാതി കൂടി ലഭിച്ചതോടെ കേസെടുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.