തൃശൂർ: പട്ടികജാതി-വർഗ വികസന കോർപറേഷന് (കെ.എസ്.ഡി.സി) സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനമായ നാഷനൽ സഫായി കർമചാരീസ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപറേഷനിൽ (എൻ.എസ്.കെ.എഫ്.ഡി.സി) നിന്ന് 50 കോടി രൂപ വായ്പ എടുക്കാൻ സർക്കാർ ഗാരന്റി നൽകി ഉത്തരവ്. വ്യവസ്ഥകൾക്കു വിധേയമായിട്ടാണ് അഞ്ചു വർഷത്തേക്ക് 50 കോടി രൂപയുടെ ഗാരന്റി അനുവദിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഉത്തരവിറക്കിയത്.
കേന്ദ്രസർക്കാറിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് എൻ.എസ്.കെ.എഫ്.ഡി.സി. എസ്.സി-എസ്.ടി കോർപറേഷന് പദ്ധതികൾ നടപ്പാക്കുന്നതിന് പുനർവായ്പാസഹായം ലഭിക്കാൻ 50 കോടി രൂപ സർക്കാർ ഗാരന്റി അനുവദിക്കണമെന്ന് മാനേജിങ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു.
സ്കാവഞ്ചിങ് (ശുചീകരണം) തുടങ്ങിയ തൊഴിലിൽ ഏർപ്പെടുന്നവരും അവരുടെ ആശ്രിതരുമായവരുടെ പുനരധിവാസത്തിനും സാമ്പത്തിക, സാമൂഹിക വികസനത്തിനുമായി രൂപവത്കരിച്ച സ്ഥാപനമാണ് എൻ.എസ്.കെ.എഫ്.ഡി.സി. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സ്കാവഞ്ചർ വിഭാഗത്തിൽപെട്ടവരെയും അവരുടെ ആശ്രിതരെയുമാണ് പദ്ധതികളുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.
പദ്ധതികളിൽ വായ്പ ലഭിക്കാനായി പ്രത്യേക വരുമാനപരിധി നിർദേശിക്കുന്നില്ലെങ്കിലും സ്കാവഞ്ചർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുൻഗണന നൽകണമെന്ന് പറയുന്നുണ്ട്. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത ശുചീകരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന അർഹരായ സ്ത്രീകളുടെ അയൽക്കൂട്ടങ്ങൾക്കും പദ്ധതിപ്രകാരം വായ്പ നൽകാം. ഹരിതകർമസേനപോലെ കുറഞ്ഞ വരുമാനക്കാരായ സ്ത്രീകളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളായി കണക്കാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.