കൊച്ചി: 2026ലെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. സംസ്ഥാനത്തുനിന്ന് ഇതുവരെ 23,630 അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതിൽ 4696 പേർ 65 വയസ്സ് പൂർത്തിയായ റിസർവ്ഡ് കാറ്റഗറിയിലുള്ളവരും 3142 പേർ പുരുഷതുണയില്ലാത്ത സ്ത്രീകളും 854 പേർ 2025 വർഷത്തെ അപേക്ഷകരിൽനിന്ന് കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിക്കാത്തവരുമാണ്. ഈ മൂന്ന് വിഭാഗങ്ങൾക്കും മുൻഗണന ലഭിക്കും. മൊത്തം അപേക്ഷകരിൽ 14,938 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത്.
അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് കവർ നമ്പർ അനുവദിക്കുന്ന പ്രവൃത്തികൾ ഹജ്ജ് ഹൗസിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 12ന് നറുക്കെടുപ്പ് പൂർത്തിയാക്കി ഒന്നാംഘട്ട പണമടക്കലിനുള്ള നിർദേശം ലഭിക്കും. മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ വർധനവുള്ളതിനാലും 2025ൽ അവസരം ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നതിനാലും സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട ലഭിക്കാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന കേന്ദ്രത്തെ സമീപിക്കും.
ഓൺലൈൻ അപേക്ഷ നടപടിക്രമങ്ങളിൽ ഇത്തവണ കാര്യമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അപേക്ഷയുടെ ആദ്യഘട്ടത്തിൽതന്നെ നിശ്ചിത അളവിൽ സെറ്റ് ചെയ്ത പാസ്പോർട്ടിന്റെ ആദ്യ പേജ് അപ് ലോഡ് ചെയ്യുന്നതോടെ പാസ്പോർട്ടിലെ പ്രാഥമികവിവരങ്ങൾ ഓൺലൈൻ കോഡ് മുഖേന സ്ഥിരീകരിച്ച് നിശ്ചിത കോളങ്ങളിൽ തെളിഞ്ഞുവരും. അടുത്ത വർഷം മുതൽ 20 ദിവസത്തെ സ്പെഷൽ ഹജ്ജ് പാക്കേജും സംവിധാനിച്ചിട്ടുണ്ട്. അസി. സെക്രട്ടറി ജാഫർ കക്കൂത്തും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.