തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്. അയാളെന്നെ ചവിട്ടിക്കൂട്ടിയെന്നും തനിക്ക് ഇതൊന്നും സഹിക്കാനാവുന്നില്ലെന്നതും പറയുന്ന ശബ്ദസന്ദേശമാണ് അതുല്യ സുഹൃത്തിനയച്ചത്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് അതും ചെയ്യാനാവുന്നില്ല.
'താഴെക്കിടക്കുമ്പോൾ ചവിട്ടിക്കൂട്ടി. സഹിക്കാൻ വയ്യ. അനങ്ങാൻ വയ്യ, വയറെല്ലാം ചവിട്ടി,ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ.. എന്ന് കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനോട് പറയുന്നതാണ് ശബ്ദസന്ദേശത്തിലുള്ളത്. ഈ ഡിജിറ്റൽ തെളിവുകൾ അതുല്യയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു.
സ്ത്രീധനത്തിൻ്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അമ്മയുടെ മൊഴിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഞാൻ മരിച്ചാൽ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന് കരുതണമെന്നും മകൾ പറഞ്ഞിരുന്നുവെന്ന് അമ്മ മൊഴി നൽകി. ഷാർജ പൊലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാർജയിൽ ജോലി ചെയ്തു വരികയായിരുന്ന അതുല്യയെ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുമ്പ് അതുല്യ തെളിവായി ഭർത്താവിന്‍റെ ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നതായി കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.